പാലാരിവട്ടം പാലം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി

Vigilance allowed to question Ibrahim Kunju again

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി. ഇബ്രാഹിം കുഞ്ഞ് റിമാന്‍ഡില്‍, ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന് വിജിലന്‍സ് കോടതിയുടെ അനുമതി. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് അനുമതി തേടിയത്.ഈ മാസം 28 ന് രാവിലെ ഒന്‍പത് മുതല്‍ 12 വരേയും ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ അഞ്ചുവരേയും ചോദ്യം ചെയ്യാനാണ് വിജിലന്‍സ് അന്വേഷണ സംഘത്തിന് അനുമതി നല്‍കിയത്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കണം ചോദ്യം ചെയ്യല്‍.

ഓരോ മണിക്കൂറിനിടയില്‍ 15 മിനിട്ട് വിശ്രമം അനുവദിക്കണം. സമാന ഉപാധികളോടെ റിമാന്‍ഡില്‍ കഴിയുന്ന ഇബ്രാഹിം കുഞ്ഞിനെ ഒരു തവണ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ടെന്‍ഡറില്‍ ഇല്ലാതിരുന്ന 8.25 കോടിയുടെ മൊബിലൈസേഷന്‍ അഡ്വാന്‍സ് കുറഞ്ഞ പലിശയ്ക്ക് ആര്‍ഡിഎസ് കമ്പനിക്ക് നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ആര്‍ഡിഎസ് കമ്പനിയെ പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്തതില്‍ ഗൂഡാലോചനയുണ്ടെന്നും വിജിലന്‍സ് വാദിക്കുന്നു. അറസ്റ്റ് മുതല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് ഇബ്രാഹിം കുഞ്ഞ്. നേരത്തെ നടന്ന ചോദ്യം ചെയ്യലിനോട് ഇബ്രാഹിം കുഞ്ഞ് പൂര്‍ണമായി സഹകരിച്ചില്ലെന്നാണ് വിജിലന്‍സ് നിലപാട്. കേസിലെ ഗൂഡാലോചന ഇനിയും വെളിപ്പെടാനുണ്ടെന്നും വിജിലന്‍സ് വാദിക്കുന്നു. നിലവിലെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് കീഴ്‌ക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് പ്രതിഭാഗം നീക്കം.

Story Highlights – Vigilance allowed to question Ibrahim Kunju again

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top