അഭയ കേസ്; പ്രതികള്‍ കോടതിയിലെത്തി

സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികള്‍ കോടതിയിലെത്തി. അഭയ കേസിലെ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കോടതിയില്‍ എത്തിയത്. രാവിലെ 10.20 ഓടെയാണ് ഇവര്‍ കോടതിയിലേക്ക് എത്തിയത്. അഭയ കൊലക്കേസില്‍ 11 മണിയോടെയാണ് വിധി വരിക.
ഇരുപത്തിയെട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ ഇന്ന് വിധി പറയുക. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറയുന്നത്.
1992 മാര്‍ച്ച് 26നു രാത്രി കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെന്റില്‍ സംഭവിച്ചത് എന്താണെന്നറിയാനാണ് ഏവരും ഉറ്റുനോക്കുന്നത്. 19 വയസുകാരി സിസ്റ്റര്‍ അഭയ മരിച്ചു മൂന്നു പതിറ്റാണ്ട് അടുക്കുമ്പോഴാണ് കേസില്‍ വിധി പറയുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും സംഭവം ആത്മഹത്യയെന്ന് എഴുതിത്തള്ളി.
1993 മാര്‍ച്ച് 23നാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് സിബിഐ ഏറ്റെടുത്തത്. കൊലപാതകത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് തവണ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി ഉത്തരവിനെ തുടര്‍ന്ന് 2007ല്‍ സിബിഐയുടെ പുതിയ അന്വേഷണസംഘം തുടരന്വേഷണം ആരംഭിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍ തെളിവ് നശിപ്പിച്ചതും അഭയയുടെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതടക്കമുള്ള സിബിഐ കണ്ടെത്തലുകള്‍ അന്വേഷണത്തില്‍ വഴിത്തിരിവായി.
2008 നവംബര്‍ 19ന് ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവരെ കേസില്‍ പ്രതി ചേര്‍ത്ത് സിബിഐ അറസ്റ്റ് ചെയ്തു. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് അഭയ കാണാനിടയായതിനെ തുടര്‍ന്ന് അഭയയെ തലയ്ക്ക് കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളിയെന്നാണ് സിബിഐ കുറ്റപത്രം.
ഫാദര്‍ ജോസ് പുതൃകയിലിനെ വിടുതല്‍ ഹര്‍ജി പരിഗണിച്ചു പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കി. ഓഗസ്റ്റ് 26ന് ആരംഭിച്ച വിചാരണ പല പ്രാവശ്യം തടസപ്പെട്ടു. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രിംകോടതിയെ വരെ സമീപിച്ചു. പ്രതികളുടെ ആവശ്യം സുപ്രിംകോടതിയും തള്ളിയതോടെ വിചാരണ ആരംഭിച്ചു. 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ രഹസ്യമൊഴി നല്‍കിയ സാക്ഷികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ കൂറുമാറി. മൂന്നാം സാക്ഷി അടയ്ക്കാ രാജുവിന്റെ മൊഴിയായിരുന്നു നിര്‍ണായകം. പ്രതിഭാഗത്തുനിന്നും സാക്ഷികളാരും ഉണ്ടായിരുന്നില്ല. ഈ മാസം 10 നാണു വാദം പൂര്‍ത്തിയായത്. കേസില്‍ കോടതി വിധി പറയുമ്പോള്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകമാകും.
Story Highlights – abhaya murder case – court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here