ഗവർണർ ബിജെപി വക്താവായി മാറി; നടപടി രാഷ്ട്രീയ പ്രേരിതം; വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. സി ജോസഫ്

നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫ്.
ഗവർണറുടേത് വളരെ അസാധാരണമായ നടപടിയാണ്. കേരള ചരിത്രത്തിൽ ഇതിന് മുൻപ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ല. ഗവർണർ ബിജെപിയുടെ വക്താവായി മാറിയെന്നും കെ.സി ജോസഫ് പറഞ്ഞു.
നിയമസഭ വിളിച്ചുകൂട്ടുക എന്നത് മന്ത്രിസഭയുടെ അധികാരമാണ്. രാജ്യ തലസ്ഥാനത്ത് കർഷകരുടെ സമരം ആളിക്കത്തുമ്പോൾ വിഷയത്തിന് ഗൗരവമില്ല എന്ന് പറയുന്നത് ശരിയല്ല. ഗവർണർ നിലപാട് പുനഃപരിശോധിക്കണം. മന്ത്രിസഭയുടെ ശുപാർശ അനുസരിച്ച് നിയമസഭ വിളിച്ചുകൂട്ടാൻ നടപടി സ്വീകരിക്കണം. കേരളത്തിൽ പല ഗവർണർമാരും വന്നിട്ടുണ്ട്. എന്നാൽ ഇതുപോലെ ഒരു നടപടി ഉണ്ടായിട്ടില്ലെന്നും കെ.സി ജോസഫ് വ്യക്തമാക്കി.
കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് നാളെ നിയമസഭാ സമ്മേളനം ചേരില്ല. നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വിശദീകരണം ഗവർണർ തള്ളി. പ്രത്യേക സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ അസാധാരണ നടപടി. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Story Highlights – Farm law, K C joseph, Arif Muhammad Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here