യുകെയിൽ നിന്ന് ഡൽഹിയിലും ചെന്നൈയിലുമെത്തിയ 6 യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കണ്ടെത്തിയ
യുകെയിൽ നിന്ന് ഡൽഹിയിലും ചെന്നൈയിലുമെത്തിയ 6 യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. യുകെയിലേക്കുള്ള വിമാനസർവീസുകൾ താത്ക്കാലികമായി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.
ബ്രിട്ടണിൽ നിന്ന് ഇന്നലെ അർധരാത്രി ഡൽഹിയിൽ എത്തിയ അഞ്ച് യാത്രക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിന്റെ വകഭേദം വന്ന പുതിയ വൈറസാണോ ഇവരിൽ ഉള്ളത് എന്ന് പരിശോധിക്കുകയാണ്. സാമ്പിളുകൾ ഡൽഹിയിലെ എൻസിഡിസിയിലേക്ക് അയച്ചു. രോഗികൾ നിരീക്ഷണത്തിലാണ്. യുകെയിൽ നിന്ന് ചെന്നൈയിലെത്തിയ ഒരു യാത്രക്കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സാമ്പിളുകൾ പരിശോധനയ്ക്കായി എൻഐവി പൂനൈയിലേക്ക് അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്‌നാട് ആരോഗ്യ വിഭാഗം വ്യക്തമാക്കി.
ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ പുതിയ വകഭേദത്തെ ഗൗരവമായിട്ടാണ് ആരോഗ്യ മന്ത്രാലയം കാണുന്നത്. മുൻകരുതൽ നടപടി ശക്തമാക്കിയിട്ടുണ്ട്. ലാബുകൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാർ നിർബന്ധമായും വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാകണമെന്നും, ക്വാറന്റീനിൽ കഴിയണമെന്നും നിർദേശമുണ്ട്. യുകെ ലേക്കുള്ള വിമാനസർവീസുകൾ ഡിസംബർ 31 വരെ റദ്ദാക്കിയ നടപടി ഇന്ന് അർദ്ധരാത്രി മുതലാണ് പ്രാബല്യത്തിൽ വരിക. കഴിഞ്ഞ 24 മണിക്കൂറിനിടെ 19, 556 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 331 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. 95.6 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
Story Highlights – covid confirmed for 6 passengers arriving in Delhi and Chennai from the UK
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here