എം. കെ വർഗീസ് തൃശൂർ കോർപറേഷൻ മേയറാകും

യുഡിഎഫ് വിമതന്‍ എം. കെ വർഗീസിനെ തൃശൂര്‍ കോര്‍പറേഷന്‍ മേയറായി എല്‍.ഡി.എഫ് പ്രഖ്യാപിച്ചു. ആദ്യ രണ്ട് വർഷമാണ് മേയർ പദവി നല്‍കുക. നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. സിപിഐഎമ്മിൻ്റെ രാജശ്രീ ഗോപൻ ഡെപ്യൂട്ടി മേയറാകും.
മന്ത്രി എ.സി മൊയ്തീൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ എം. കെ വർഗീസുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് അന്തിമ തീരുമാനമാനമുണ്ടായത്. ഇതോടെ തൃശൂർ കോർപറേഷൻ ഭരണത്തിലുണ്ടായിരുന്ന അനിശ്ചിതത്വത്തിന് വിരാമമായി. സിപിഐഎം ജില്ലാ സെക്രട്ടറി എം. എം വർഗീസ് ഔദ്യോഗിക പ്രഖ്യാപനം നടത്തി.
അഞ്ച് വർഷം മേയർ ആകണമെന്നതായിരുന്നു എം. കെ വർഗീസിന്റെ ആവശ്യം. എന്നാൽ ഇത് എൽ.ഡി.എഫ് അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് ആദ്യ രണ്ടു വർഷം മേയർ പദവി എന്ന ധാരണയിലേക്ക് എത്തിയത്. തുടർഭരണം മുൻ നിർത്തിയാണ് സി.പി.ഐ.എമ്മിന്റെ തീരുമാനം. തൃശൂർ കോർപറേഷനിൽ 54 ഇടത്താണ് വോട്ടെടുപ്പ് നടന്നത്. 24 സീറ്റുകൾ നേടി ഇടതുമുന്നണി ഒന്നാമതെത്തിയെങ്കിലും 23 സീറ്റുകൾ യുഡിഎഫിനുണ്ട്. ഇതോടെയാണ് വിമതന്റെ നിലപാട് നിർണ്ണായകമായത്. ഇത് മൂന്നാം തവണയാണ് തൃശൂര്‍ കോര്‍പറേഷനിൽ എല്‍.ഡി.എഫ് ഭരണത്തിലേറുന്നത്.
Story Highlights – Congress rebel M K Varghese to be Thrissur mayor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here