കോണ്‍ഗ്രസില്‍ വീണ്ടും വിമത സ്വരം; കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കഴിയുന്നില്ലെന്ന് വിമര്‍ശനം

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് എതിരെ മറ്റൊരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ കൂടി വിമര്‍ശനവുമായി രംഗത്തെത്തി. വരുന്ന പുനഃസംഘടനയില്‍ അടക്കം തങ്ങള്‍ തഴയപ്പെടും എന്ന് കരുതുന്ന ഒരു വിഭാഗം നേതാക്കളാണ് വിമത സ്വരം ഉയര്‍ത്തിയിട്ടുള്ളത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് നേത്യത്വത്തിന് കഴിയുന്നില്ല എന്നാണ് വിമര്‍ശനം.
പല തവണ നേരില്‍ കാണാന്‍ അവസരം ചോദിച്ചിട്ടും കൊവിഡ് കഴിയട്ടെ എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇവര്‍ക്ക് നല്‍കിയ മറുപടി. ഇതേ തുടര്‍ന്നാണ് മുതിര്‍ന്ന നേതാക്കളുടെ പരസ്യ വിമര്‍ശനം. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ മധുസൂദനന്‍ മിസ്ത്രിയും ജനാര്‍ദ്ധന്‍ ദ്വിവേദിയും അടക്കമുള്ളവര്‍ ഉണ്ട്.
Read Also : കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ്; കരുനീക്കം ശക്തമാക്കി ഔദ്യോഗിക- വിമത പക്ഷങ്ങള്‍
പഞ്ചാബിലും ഹരിയാനയിലും ഉണ്ടായ കര്‍ഷക പ്രതിഷേധത്തെ കോണ്‍ഗ്രസിന് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ വേണ്ട വിധത്തില്‍ ഉയര്‍ത്താന്‍ സാധിച്ചില്ലെന്ന് മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
കഴിഞ്ഞ ദിവസം രാഹുലും പ്രിയങ്കയും പങ്കെടുത്ത കോണ്‍ഗ്രസ് എംപിമാരുടെ മാര്‍ച്ച് അടക്കം വേണ്ട വിധത്തില്‍ ഫലപ്രദമായില്ല എന്നും മുതിര്‍ന്ന നേതാക്കള്‍ വിമര്‍ശിക്കുന്നു. മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനത്തെ എന്നാല്‍ കാര്യമായി പരിഗണിച്ചേക്കില്ല എന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നല്‍കുന്ന വിവരം. കോണ്‍ഗ്രസ് ശക്തമായി തന്നെ കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഒരാശങ്കയ്ക്കും ആര്‍ക്കും വകയില്ലെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കി.
Story Highlights – digvijay singh, congress, farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here