കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; നിര്‍ണായക തെളിവുകള്‍ കണ്ടെത്താത്തതിനാല്‍ അന്വേഷണത്തില്‍ പ്രതിസന്ധി

കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെ. പ്രതികളെ പിടികൂടിയെങ്കിലും നിര്‍ണായക തെളിവുകള്‍ കണ്ടെത്താത്തത് തുടരന്വേഷണത്തിന് പ്രതിസന്ധിയാകുകയാണ്.

കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടതോടെ ലോക്കല്‍ പൊലീസ് നടത്തി വന്ന അന്വേഷണം നിലച്ചിരിക്കുന്നു. അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളേയും റിമാന്‍ഡ് ചെയ്തതിനപ്പുറത്തേക്ക് അന്വേഷണ പുരോഗതിയുണ്ടായിട്ടില്ല. മുഖ്യപതി ഇര്‍ഷാദ് കത്തി ഉപയോഗിച്ചാണ് റഹ്മാനെ കൃത്തിയതെന്ന് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ആയുധം കണ്ടെത്തേണ്ടതുണ്ട്.

Read Also : കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് പ്രതി ഇര്‍ഷാദ്

എന്നാല്‍ ചികിത്സയില്‍ കഴിയുന്ന ഇര്‍ഷാദിനെ ലോക്കല്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നില്ല. അതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇതോടെ കസ്റ്റഡിയിലുണ്ടായിരുന്ന എംഎസ്എഫ് നേതാവ് ഹസനെയും യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആഷിറിനെയും ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

പ്രതികളെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുകയോ വിശദമായി ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. ക്രൈംബ്രാഞ്ച് സംഘ പുതിയ എഫ്‌ഐആര്‍ തയാറാക്കി കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ അന്വേഷണ നടപടികള്‍ പുനരാരംഭിക്കാന്‍ സാധിക്കൂ. രണ്ട് ദിവസത്തിനകം ഇക്കാര്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Story Highlights – kanjangad, dyfi, murder, investigation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top