സിഡോയ്ക്ക് പകരം ബ്ലാസ്റ്റേഴ്സിലെത്തുക സ്പാനിഷ് മിഡ്ഫീൽഡറെന്ന് സൂചന

പരുക്കേറ്റ് പുറത്തായ സെർജിയോ സിഡോഞ്ചയ്ക് പകരം മറ്റൊരു സ്പാനിഷ് മധ്യനിര താരം ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് സൂചന. 34കാരനായ ഡിഫൻസീവ് മിഡ്ഫീൽഡർ ജുവാൻഡേ പ്രാദോസ് ആണ് കേരള ബ്ലാസ്റ്റേഴ്സുമായി ധാരണയിൽ എത്തിയത്. ആറു മാസത്തെ കരാറിൽ ടീമിലെത്തുന്ന താരം മെഡിക്കൽ പൂർത്തിയാക്കിയതായാണ് വിവരങ്ങൾ. ഈ ആഴ്ച തന്നെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
ഓസ്ട്രേലിയൻ ടോപ്പ് ടയർ ലീഗായ എ-ലീഗിലാണ് കഴിഞ്ഞ രണ്ട് സീസണുകളിലായി പ്രാദോസ് കളിച്ചിട്ടുള്ളത്. എ-ലീഗിൽ പെർത് ഗ്ലോറിയ്ക്ക് വേണ്ടി 40ലധികം മത്സരങ്ങൾ കളിച്ച താരത്തിൻ്റെ കരാർ കഴിഞ്ഞ സീസണില അവസാനിച്ചിരുന്നു. ഇതോടെ താരം ഫ്രീ ഏജൻ്റായി. ഇന്ത്യയിലെ ക്വാറൻ്റീൻ നിബന്ധനകൾ പൂർത്തിയാക്കി ജനുവരി ആദ്യ ആഴ്ച തന്നെ പ്രാദോസ് കളത്തിലിറങ്ങും എന്നാണ് റിപ്പോർട്ട്.
Read Also : പരുക്കേറ്റ സിഡോ നാട്ടിലേക്ക് മടങ്ങി; വിടവാങ്ങൽ വിഡിയോ പങ്കുവച്ച് ബ്ലാസ്റ്റേഴ്സ്
ഐഎസ്എലിൽ ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിനിടെയാണ് സിഡോയ്ക്ക് പരുക്കേറ്റത്. കണ്ണങ്കാലിനേറ്റ പരുക്ക് താരത്തെ ഏറെക്കാലം പുറത്തിരുത്തുമെന്ന് പരിശോധനകളിൽ വ്യക്തമായി. ഇതേ തുടർന്ന് താരത്തെ നാട്ടിലേക്കയക്കാൻ മാനേജ്മെൻ്റ് തീരുമാനിച്ചു. നിലവിൽ സർജറിക്ക് ശേഷം താരം സ്പെയിനിൽ വിശ്രമത്തിലാണ്.
അതേസമയം, ലീഗിൽ ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഒരു ജയം പോലും നേടാൻ കഴിഞ്ഞിട്ടില്ല. 6 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് മൂന്നു വീതം മത്സരങ്ങളിൽ സമനിലയും തോൽവിയും വഴങ്ങി. 6 പോയിൻ്റുമായി പട്ടികയിൽ 7ആം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ഹൈദരാബാദുമായി ബ്ലാസ്റ്റേഴ്സിന് മത്സരമുണ്ട്.
Story Highlights – spanish midfielder will replace cido in kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here