ചെറുത്തുനിൽക്കാതെ വാലറ്റം; ഇന്ത്യ 326ന് ഓൾഔട്ട്

ബോക്സിംഗ് ഡേ ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ 326 റൺസിന് ഓൾഔട്ട്. 131 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായാണ് ഇന്ത്യ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ചിരിക്കുന്നത്. 32 റൺസ് എടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് അവസാന അഞ്ച് വിക്കറ്റുകൾ നഷ്ടമായത്. ഇന്ത്യക്കായി ക്യാപ്റ്റൻ അജിങ്ക്യ രഹാനെ സെഞ്ചുറി നേടി. രവീന്ദ്ര ജഡേജ അർദ്ധസെഞ്ചുറി നേടി ക്യാപ്റ്റന് പിന്തുണ നൽകി. ഓസ്ട്രേലിയക്കു വേണ്ടി മിച്ചൽ സ്റ്റാർക്കും നഥാൻ ലിയോണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 277 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ചത്. ആ സ്കോറിനോട് 17 റൺസ് മാത്രം കൂട്ടിച്ചേർത്തപ്പോഴേക്കും ഇന്ത്യക്ക് രഹാനയെ നഷ്ടമായി. 112 റൺസെടുത്ത രഹാനെ റണ്ണൗട്ടാവുകയായിരുന്നു. തൻ്റെ ടെസ്റ്റ് കരിയറിൽ ആദ്യമായാണ് താരം റണ്ണൗട്ടാവുന്നത്. ജഡേജയുമായി 121 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി ഇന്ത്യക്ക് ലീഡ് നേടിക്കൊടുത്തതിനു ശേഷമാണ് രഹാനെ മടങ്ങിയത്. ഫിഫ്റ്റിയടിച്ചതിനു പിന്നാലെ ജഡേജയും (57) മടങ്ങി. താരത്തെ മിച്ചൽ സ്റ്റാർക്ക് പാറ്റ് കമ്മിൻസിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു.
Read Also : രഹാനെയ്ക്ക് സെഞ്ചുറി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ലീഡ്
ജഡേജയും പുറത്തായതോടെ വാലറ്റം വേഗം കീഴടങ്ങി. അശ്വിനെ (14) ഹേസൽവുഡ് ലിയോണിൻ്റെ കൈകളിൽ എത്തിച്ചപ്പോൾ ഉമേഷിനെയും (9) ബുംറയെയും (0) ലിയോൺ പുറത്താക്കി. ഇരുവരെയും യഥാക്രമം സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും പിടികൂടുകയായിരുന്നു.
Story Highlights – india 326 allout vs australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here