Advertisement

‘മോനെ അച്ഛൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല, ഞാനില്ലെങ്കിലും നീ പാവങ്ങൾക്കുള്ള ഭക്ഷണം മുടക്കരുത്’: മരിക്കുന്നതിന് മുൻപ് രാജൻ മകനോട് പറഞ്ഞത് ഇങ്ങനെ

December 28, 2020
Google News 1 minute Read
rajan last words to son

സാമ്പത്തിക ബുദ്ധിമുട്ടികൾക്കിടയിലും പാവങ്ങൾക്ക് അന്നമേകിയിരുന്ന വ്യക്തിയായിരുന്നു നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത രാജൻ. മകൻ രഞ്ജിത്താണ് അച്ഛനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ട്വന്റിഫോറിനോട് പറഞ്ഞത്.

രഞ്ജിത്തിന്റെ വാക്കുകൾ : ‘ഞങ്ങളിവിടെ താമസിക്കാൻ തുടങ്ങിയിട്ട്, എന്റെ അച്ഛന് കറണ്ടിന് അപേക്ഷിച്ചു..കിട്ടിയില്ല..വെള്ളത്തിന് അപേക്ഷിച്ചു…കിട്ടിയില്ല…ഒടുവിൽ ഞാനും എന്റെ കുഞ്ഞമ്മേടെ മോനും കൂടിയാണ് കിണർ വെട്ടി, വെള്ളം കണ്ടത്.

എന്റെ അച്ഛൻ എന്നും രാവിലെ റോഡ് സൈഡിൽ വയ്യാതെ കിടക്കുന്നവർക്ക് ഭക്ഷണം കൊണ്ടുപോകുമായിരുന്നു. ഈ സംഭവം നടക്കുന്നതിന് തലേദവിസമാണ് ഭക്ഷണം കൊണ്ടുപോകാൻ പുതിയ ഫ്‌ളാസ്‌കും, ചായയിടാൻ പാത്രവുമായി വരുന്നത്.

മരിക്കാൻ സമയമായപ്പോൾ എന്നോട് പറഞ്ഞു മോനെ, അച്ഛൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല…അഥവാ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ കൊടുക്കുന്നത് പോലെ നീയും എല്ലാവർക്കും കൊടുക്കണം..’

പൊലീസുകാരൻ കൈ തട്ടി അച്ഛനും അമ്മയും തീ പിടിച്ചു. ഞാൻ അവരെ പിടിക്കാൻ ഓടിയതാണ്. ചേട്ടനാണ് എന്നെ പിടിച്ച് മാറ്റിയത്. ഇല്ലായിരുന്നെങ്കിൽ ഞാനും അവരുടെ കൂടെ പോയേനെ. അതിലെനിക്ക് സന്തോഷേ ഉള്ളു.

അവരുടെ ശവസംസ്‌കാരം ഈ കോളനിയിൽ തന്നെ നടത്തണമെന്ന് നാട്ടുകാര് പറഞ്ഞു. അപ്പോ പൊലീസ് പറഞ്ഞു. ഇത് കേസ് നടക്കുന്ന സ്ഥലമാണ് ഇവിടെ നടത്താൻ പറ്റില്ലെന്ന്. പിന്നെ ഞാനും, എന്റെ കുഞ്ഞമ്മേടെ മോനും കൂടി വന്ന് ഇവിടുത്തെ പുല്ലെല്ലാം കളഞ്ഞ് എന്റെ അച്ഛന്റെ കുഴി വെട്ടി.

ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തർക്കമാണ് കേസിലേക്ക് എത്തിച്ചത്. തുടർന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവായി. ഇതിന് പിന്നാലെ പൊലീസ് എത്തിയതോടെ പൊലീസിനെ പിൻതിരിപ്പിക്കാൻ രാജൻ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിച്ചത്.

Read Also : സ്റ്റേ ഓർഡർ വരുന്നതിന് ഒരു മണിക്കൂർ മുൻപായിരുന്നു ആത്മഹത്യ : മകൻ രഞ്ജിത്ത്

ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസ് പിന്മാറാനായിരുന്നു താൻ ആത്മഹത്യാശ്രമം നടത്തിയതെന്ന് രാജൻ പ്രതികരിച്ചിരുന്നു. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. തുടർന്ന് രാജൻ മരണപ്പെട്ടു. രാജന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി.

അതേസമയം, കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്‌റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായിരുന്നു പൊലീസിന്റെ ഇടപെടലും തുടർന്നുണ്ടായ ആത്മഹത്യയും. പൊലീസ് തിടുക്കം കാട്ടിയില്ലായിരുന്നുവെങ്കിൽ അച്ഛനും അമ്മയും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും മകൻ രഞ്ജിത്ത് പറഞ്ഞു. സ്റ്റേ ഓർഡർ വരുമെന്നറിഞ്ഞിട്ടാണ് പൊലീസ് കുടിയൊഴുപ്പിക്കാൻ തിടുക്കപ്പെട്ട് നീക്കം നടത്തിയതെന്നാണ് രഞ്ജിത്തിന്റെ ആരോപണം. ജനുവരി 15 വരെയാണ് കുടിയൊഴിപ്പിക്കൽ സ്റ്റേ ചെയ്തുകൊണ്ട് കോടതി ഉത്തരവിറക്കിയത്.

Story Highlights – neyattinkara, suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here