ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളുടെ വിവാഹ ധനസഹായം തുടരും; മന്ത്രി കെ.കെ. ശൈലജ
ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതിമാര്‍ക്കുള്ള വിവാഹ ധനസഹായ പദ്ധതി നടപ്പ് സാമ്പത്തിക വര്‍ഷവും തുടരുന്നതിന് സാമൂഹ്യനീതി വകുപ്പ് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് 3 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ 30,000 രൂപ വീതം 10 ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ക്ക് ധനസഹായം നല്‍കാന്‍ കഴിയുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ പുരോഗതിയ്ക്കായി വിവിധ ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ നിയമപരമായി വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കാന്‍ സന്നദ്ധരാകുന്ന പക്ഷം അവരുടെ സാമൂഹ്യ ജീവിതത്തിന്റെ തുടര്‍ച്ച സാധ്യമാകുന്നതിന് വിവാഹ ധനസഹായം ഒരു പരിധി വരെ സഹായകരമാകുമെന്ന് വിലയിരുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് വിവാഹ ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചത്. 30,000 രൂപയാണ് വിവാഹ ധനസഹായമായി അനുവദിക്കുന്നത്. വിവാഹ ശേഷം 6 മാസത്തിന് ശേഷവും ഒരു വര്‍ഷത്തിനകവും വിവാഹ ധനസഹായത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകരില്‍ ഒരാള്‍ മാത്രം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയാണെങ്കിലും ധനസഹായത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.
Story Highlights – Transgender couples’ marriage funding will continue; Minister K.K. Shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here