നെയ്യാറ്റിൻകര ആത്മഹത്യ; അനാഥരായ കുട്ടികൾക്ക് വീട് വച്ചു നൽകുമെന്ന് ട്വന്റിഫോർ

നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കൾക്ക് കൈത്താങ്ങുമായി ട്വന്റിഫോർ. ഇവർക്ക് ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബിന്റെ നേതൃത്വത്തിൽ വീട് വച്ച് നൽകുമെന്ന് ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായർ പറഞ്ഞു.
ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിക്കും രണ്ട് കുട്ടികളാണ് ഉള്ളത്. മൂത്ത മകൻ രാഹുൽ രാജ് പഠിത്തമെല്ലാം മപൂർത്തിയാക്കി അടുത്തുള്ള വർക്ക്‌ഷോപ്പിൽ ജോലിക്ക് പ്രവേശിച്ചിട്ടുണ്ട്. ഇളയകുട്ടി രഞ്ജിത്ത് പ്ലസ് ടു പൂർത്തീകരിച്ചു.
സർക്കാർ പട്ടയം നൽകിയാൽ ആ സ്ഥലത്ത് തന്നെ വീടുവച്ച് നൽകാൻ ട്വന്റിഫോർ ശ്രമിക്കുമെന്ന് ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു. തങ്ങളുടെ അച്ഛനും അമ്മയും കിടക്കുന്നിടത്ത് നിന്ന് പോകാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് കുട്ടികൾ അറിയിച്ചു. കുട്ടികൾ അനാഥരാകില്ലെന്ന് ഉറപ്പ് നൽകിയ ശ്രീകണ്ഠൻ നായർ പട്ടയം ലഭ്യമാക്കാൻ ശ്രമിക്കുമെന്നും കൂട്ടിച്ചേർത്തു.
ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തർക്കമാണ് കേസിലേക്ക് എത്തിച്ചത്. തുടർന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവായി. ഇതിന് പിന്നാലെ പൊലീസ് എത്തിയതോടെ പൊലീസിനെ പിൻതിരിപ്പിക്കാൻ രാജൻ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസ് പിന്മാറാനായിരുന്നു താൻ ആത്മഹത്യാശ്രമം നടത്തിയതെന്ന് രാജൻ പ്രതികരിച്ചിരുന്നു. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. തുടർന്ന് രാജൻ മരണപ്പെട്ടു. രാജന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി.
Story Highlights – neyattinkara suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here