പഠിക്കാത്തതിന് വീട്ടുകാർ വഴക്കുപറഞ്ഞു; ഒന്നര ലക്ഷം രൂപയുമായി വീട്ടിൽ നിന്ന് മുങ്ങി ഗോവയിൽ 14കാരന്റെ ഉല്ലാസജീവിതം

പഠിക്കാത്തതിന് വീട്ടുകാർ വഴക്കു പറഞ്ഞതിനെ തുടർന്ന് ഒന്നര ലക്ഷം രൂപയുമായി വീട്ടിൽ നിന്ന് മുങ്ങി 14 വയസ്സുകാരൻ. പണം ഉപയോഗിച്ച് ഗോവയിൽ ഉല്ലാസ ജീവിതം നയിച്ച കുട്ടിയെ പിന്നീട് പൊലീസ് കണ്ടെത്തി. ഗുജറാത്തിലെ വഡോദര സ്വദേശിയായ പത്താം ക്ലാസുകാരനെ പൂനെ പൊലീസിൻ്റെ സഹായത്തോടെ കണ്ടെത്തിയ പൊലീസ് പിന്നീട് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.
പഠനത്തിൽ ഉഴപ്പുന്നതിന് മാതാപിതാക്കളും മുത്തച്ഛനും കുട്ടിയെ ശാസിച്ചിരുന്നു. തുടർന്ന് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായി. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. വൈകാതെ വീട്ടിലിരുന്ന ഒന്നര ലക്ഷം രൂപയും കാണാനില്ലെന്ന് കണ്ടതോടെ നാടുവിട്ടതാവാം എന്ന് പൊലീസ് കണക്കുകൂട്ടി. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടി ഗോവയിലേക്കാണ് പോയതെന്ന് പൊലീസ് പറയുന്നു. വീട്ടിൽ നിന്നു റെയിൽവേ സ്റ്റേഷനിലെത്തി തീവണ്ടി മാർഗം ഗോവയിലെത്താനായിരുന്നു പദ്ധതി. എന്നാൽ ആധാർ കാർഡ് ഇല്ലാത്തതിനാൽ ടിക്കറ്റ് ലഭിച്ചില്ല. തുടർന്ന് ബസിൽ പൂനെയിലേക്കും അവിടെ നിന്ന് ഗോവയിലേക്കും യാത്ര ചെയ്യുകയായിരുന്നു. ഗോവയിലെത്തിയ കുട്ടി പബുകളിലാണ് കൂടുതൽ സമയവും ചെലവഴിച്ചത്. കകയ്യിലെ പണം തീരാറായതോടെ നാട്ടിലേക്ക് മടങ്ങാനായി ഗോവയിൽ നിന്ന് പൂനെയിലെത്തി പുതിയ സിം കാർഡ് വാങ്ങി ഫോണിലിട്ടു. ഫോൺ ഓണായതിനെ തുടർന്ന് ലൊക്കേഷൻ വ്യക്തമായ പൊലീസ് സ്ഥലത്തെത്തി കുട്ടിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് പൂനെ പൊലീസ് കുട്ടിയെ വഡോദര പൊലീസിനു കൈമാറുകയായിരുന്നു.
Story Highlights – Chided by parents for not studying, 14-year-old boy flees to Goa with Rs 1.5 lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here