കന്നി ഇരട്ടശതകത്തിന് ഒരു റൺ അകലെ വീണ് ഫാഫ് ഡുപ്ലെസി; ഹൃദയം തകർന്ന് ടീം അംഗങ്ങൾ

കരിയറിലെ കന്നി ഇരട്ടശതകത്തിന് ഒരു റൺ അകലെ പുറത്തായി ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസി. ശ്രീലങ്കക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിലാണ് ഡുപ്ലെസി 199 റൺസിനു പുറത്തായത്. വഹിന്ദു ഹസരങ്കയുടെ പന്തിൽ ദിമുത് കരുണരത്‌നെയ്ക്ക് അനായാസ ക്യാച്ച് നൽകിയാണ് ഡുപ്ലെസി പുറത്തായത്.
മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച ഡുപ്ലെസിയുടെ മികവിൽ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്ക 621 റൺസാണ് അടിച്ചുകൂട്ടിയത്. ശ്രീലങ്കയുടെ 396നെതിരെ 225 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡും പ്രോട്ടീസ് സ്വന്തമാക്കി. ഡീൻ എൽഗാർ (95), ടെംപ ബവുമ (71), കേശവ് മഹാരാജ് (73), അയ്ഡം മാർക്രം (68) എന്നിവർ അർദ്ധശതകങ്ങൾ നേടി ദക്ഷിണാഫ്രിക്കൻ സ്കോറിൽ നിർണായക പങ്കുവഹിച്ചു. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയ്ക്ക് 65 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. നിലവിൽ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിൽ നിന്ന് 160 റൺസ് അകലെയാണ് ശ്രീലങ്ക.
Read Also : ബോക്സിംഗ് ഡേ ടെസ്റ്റ്: ഓസ്ട്രേലിയ 200നു പുറത്ത്; ഇന്ത്യക്ക് 70 റൺസ് വിജയലക്ഷ്യം
ശ്രീലങ്കക്കായി 85 റൺസ് നേടിയ ദിനേശ് ചണ്ഡിമൽ ആണ് ടോപ്പ് സ്കോറർ ആയത്. ധനഞ്ജയ ഡിസിൽവ (79), ദാസുൻ ശനക (66), നിറോഷൻ ഡിക്ക്‌വെല്ല (49) എന്നിവരും തിളങ്ങി. ദക്ഷിണാഫ്രിക്കക്കായി ലുത്തോ സിംപാലയും ശ്രീലങ്കക്കായി വഹിന്ദു ഹസരംഗയും 4 വിക്കറ്റ് വീതം വീഴ്ത്തി. ശ്രീലങ്കയുടെ മൂന്ന് താരങ്ങൾക്കാണ് മത്സരത്തിനിടെ പരുക്കേറ്റത്. അതുകൊണ്ട് തന്നെ 8 പേർ മാത്രമേ ബാറ്റ് ചെയ്യാൻ ഇറങ്ങൂ.
Story Highlights – Faf Du Plessis misses his maiden double century by just 1 run
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here