കര്‍ഷകര്‍ക്ക് താങ്ങുവിലയില്‍ കൂടുതല്‍ തുക നല്‍കരുതെന്ന ശാന്തകുമാര്‍ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കാന്‍ കേന്ദ്രനീക്കം

കാര്‍ഷിക നിയമങ്ങളില്‍ രാഷ്ട്രപതി ഒപ്പിട്ടതിന് പിന്നാലെ ശാന്തകുമാര്‍ കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പാക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. കര്‍ഷകര്‍ സമരം ആരംഭിച്ച സാഹചര്യത്തില്‍ നടപടികളുടെ വേഗം കുറഞ്ഞിട്ടുണ്ടെങ്കിലും ശാന്തകുമാര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നടപടികള്‍ അണിയറയില്‍ തുടരുകയാണ്. താങ്ങുവിലക്കു മുകളില്‍ ബോണസ് പ്രഖ്യാപിച്ചു സംഭരിക്കുന്ന സംസ്ഥാനങ്ങളുടെ നടപടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നതാണ് ശാന്തകുമാര്‍ കമ്മറ്റി റിപ്പോര്‍ട്ട്.

നെല്ലിന് കേന്ദ്രം നിശ്ചയിച്ച അവസാന താങ്ങുവില ക്വിന്റലിന് 1868രൂപയാണ്. ഈ തുകയ്ക്ക് നെല്ല് സംഭരണം നടത്തിയാല്‍ സംസ്ഥാനത്ത് കര്‍ഷകരോടുള്ള കൊടും ക്രൂരതയായ് അത് മാറും. കാരണം ഒരു ക്വിന്റല്‍ നെല്ലിന് സംസ്ഥാനത്തെ കര്‍ഷകന്റെ സമഗ്ര ഉത്പാദന ചിലവ് ഇപ്പോള്‍ എകദേശം 2600 നും 2700 നും ഇടയില്‍ ആണ്. ഈ സാഹചര്യത്തില്‍ കേന്ദ്രം നിശ്ചയിക്കുന്ന താങ്ങു വിലയും സമഗ്ര ഉത്പാദന ചിലവും തമ്മിലുള്ള അന്തരം പരിഹരിച്ച് ഒരു പരിധി വരെ കര്‍ഷകനെ സംരക്ഷിക്കുന്നത് സംസ്ഥാനം താങ്ങ് വിലയ്ക്ക് മേല്‍ നല്‍കുന്ന ബോണസാണ്. 1868 എന്ന കേന്ദ്രം നിശ്ചയിച്ച താങ്ങുവിലയ്‌ക്കൊപ്പം ഈ ബോണസും കൂടി ചേര്‍ക്കുമ്പോള്‍ ഇപ്പോള്‍ കര്‍ഷകന് 2750 രൂപ ക്വിന്റലിന് ലഭിക്കും. വിത്തെറിയുന്ന കര്‍ഷകന്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത് ഇങ്ങനെ ആണ്.

കേരളം മാത്രമല്ല രാജ്യത്തെ ഒട്ടു മിക്ക സംസ്ഥാനങ്ങളും ഇങ്ങനെ ചെയ്യുന്നു. കേരളത്തെക്കാള്‍ ഇതില്‍ ഉദാരമനസ്‌കത കര്‍ഷകരോടു കാട്ടുന്നത് ബിജെപി ഭരിക്കുന്ന മധ്യപ്രദേശും, ബീഹാറും ആണ്. തനതു ഫണ്ടുപയോഗിച്ചു താങ്ങുവിലയെക്കാളും എറെ ഉയര്‍ന്ന വില നല്‍കിയാണ് ഇവിടങ്ങളില്‍ സംഭരണം. സംസ്ഥാനങ്ങളുടെ ഈ ശീലം അവസാനിപ്പിക്കണം എന്നതാണ് ശാന്തകുമാര്‍ കമ്മറ്റി റിപ്പോര്‍ട്ട്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ നിയോഗിക്കപ്പെട്ടതാണ് മുന്‍ ഹിമാചല്‍ മുഖ്യമന്ത്രി ശാന്തകുമാര്‍ അധ്യക്ഷനായ ഈ ഹൈ ലെവല്‍ കമ്മിറ്റി.

താങ്ങുവിലക്കു മുകളില്‍ ബോണസ് പ്രഖ്യാപിച്ചു സംഭരിക്കുന്ന സംസ്ഥാനങ്ങളുടെ നടപടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് സമിതി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. സംസ്ഥാനങ്ങള്‍ നല്‍കുന്ന ഇത്തരം ബോണസുകള്‍ സ്വകാര്യ ഏജന്‍സികളെ മാര്‍ക്കറ്റില്‍ നിന്ന് പുറത്താക്കി സര്‍ക്കാരിന് മേല്‍ വലിയ ബാധ്യത വരും വര്‍ഷങ്ങളില്‍ ഉണ്ടാക്കും എന്നാണ് സമിതിയുടെ നിഗമനം. ശാന്തകുമാര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം ആരംഭിക്കുകയും ചെയ്തിരുന്നു.

സംസ്ഥാന കൃഷി സെക്രട്ടറിമാരുടെ യോഗം അടക്കം വിളിക്കാന്‍ തിരുമാനിച്ചപ്പോഴാണ് കര്‍ഷക സമരം ഉണ്ടായത്. എന്നാല്‍ താത്ക്കാലികമായി നടപടികളുടെ വേഗത കുറച്ചു എന്നതിലുപരി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാണ് എന്ന് കൃഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കാര്‍ഷിക വിപണിയില്‍ ഇന്ന് പുതിയ നിയമങ്ങള്‍ അനുസരിച്ച് ഇടനിലക്കാര്‍ ഒഴിവാകുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവില കര്‍ഷകര്‍ക്ക് ഉചിത പ്രതിഫലം ആകും എന്നാണ് കൃഷി മന്ത്രാലയത്തിന്റെ വിശദീകരണം.

Story Highlights – Central move to implement Shanthakumar committee ‘s recommendation not to give more than support price to farmers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top