2020 ലെ ഇന്ത്യ; 24 പ്രധാന സംഭവങ്ങള്‍

1) ജനുവരി 8: പൗരത്വ നിയമഭേദഗതി
അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വ്യവസ്ഥകള്‍ ലഘൂകരിക്കുന്ന നിയമം കേന്ദ്ര സര്‍ക്കാര്‍ പാസാക്കി. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നേടുന്നത് എളുപ്പമാക്കുന്നതാണ് നിയമഭേദഗതി. മുസ്ലിങ്ങള്‍ ഒഴികെയുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവ് നല്‍കുന്ന നിയമം കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി

2) ജനുവരി 30: രാജ്യത്ത് ആദ്യ കൊവിഡ് കേസ്

ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്ന് കേരളത്തില്‍ എത്തിയ തൃശൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജനുവരി മുപ്പതിനാണ്വിദ്യാര്‍ത്ഥിനിക്ക് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി രണ്ടിന് ആലപ്പുഴയിലും മൂന്നിന് കാഞ്ഞങ്ങാടും രോഗം സ്ഥിരീകരിച്ചതോടെ രോഗത്തെ കേരളം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഫെബ്രുവരി 20 ന് രോഗമുക്തയായ പെണ്‍കുട്ടി ആശുപത്രി വിട്ടു.
3) ഫെബ്രുവരി 23: ഡല്‍ഹി കലാപം

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കലാപം. 53 പേര്‍ കൊല്ലപ്പെട്ടുകയും 200 ല്‍ അധികം ജനങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജുമാ മസ്ജിദ്, ഷഹീന്‍ബാഗ് എന്നിവിടങ്ങളില്‍ ആരംഭിച്ച സമരങ്ങള്‍ക്ക് നേരെ ഹിന്ദുത്വ വാദികള്‍ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. കലാപം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഡല്‍ഹി പൊലീസിന് സംഭവിച്ച വീഴ്ച്ച വിമര്‍ശനങ്ങള്‍ക്കിടയാക്കി.
4) മാര്‍ച്ച് 20: നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റി

നിര്‍ഭയ കേസ് പ്രതികളായ നാലുപേരെയും തീഹാര്‍ ജയിലില്‍ തൂക്കിലേറ്റി. പ്രതികളായ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.
2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വെച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയെങ്കിലും രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ക്കും സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമ നിര്‍മാണങ്ങള്‍ക്കും സംഭവം വഴിവെച്ചു. രാജ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ ഇന്ത്യാ ഗേറ്റും രാഷ്ട്രപതി ഭവനും വളഞ്ഞുകൊണ്ട് ഇതുവരെ കാണാത്ത പ്രതിഷേധത്തിനും രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചു.
5) മാര്‍ച്ച് 24: ലോക്ക്ഡൗണ്‍ പ്രഖ്യാപനം

കൊവിഡ് വ്യാപനം തടയാന്‍ മാര്‍ച്ച് 25 അര്‍ധരാത്രി മുതല്‍ ഏപ്രില്‍ 14 വരെ ഇന്ത്യയിലുടനീളം 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഏകദേശം 500 കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 21 ദിവസത്തെ ലോക്ക്ഡൗണ്‍ ആയിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാവാത്തതിനെ തുടര്‍ന്ന്, മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടി.
6) മെയ് 6: റിയാസ് നായ്കൂവിനെ വധിച്ചു

ജമ്മു കശ്മീരിലെ അവന്തിപുരയില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ സുരക്ഷ സേന ഹിസ്ബുള്‍ കമാന്റര്‍ റിയാസ് നായ്കൂവിനെ വധിച്ചു. ഹിസ്ബുളിന്റെ തലവന്മാരില്‍ ഒരാളാണ് റിയാസ് നായ്കൂ. ജമ്മു കശ്മീര്‍ പൊലീസ് ഇയാളുടെ തലയ്ക്ക് 12 ലക്ഷം രൂപ വിലയിട്ടിരുന്നു. 2016ല്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുളിന്റെ നേതൃത്ത്വത്തിലേക്കെത്തിയ ആളാണ് റിയാസ്. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ നാല് പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു റിയാസ് നായ്കൂ.
7) മെയ് 7; വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റില്‍ വാതക ചോര്‍ച്ച

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റില്‍ വാതക ചോര്‍ച്ചയില്‍ 13 പേര്‍ മരിച്ചു. മെയ് ഏഴിന് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആര്‍ആര്‍ വെങ്കടപുരം ഗ്രാമത്തിന് സമീപത്തുള്ള എല്‍ജി പോളിമേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്ലാന്റില്‍ വാതക ചോര്‍ച്ചയുണ്ടായത്. സ്‌റ്റൈറീന്‍ വാതകമാണ് ചോര്‍ന്നത്. ഇരുനൂറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
8) മെയ് 20: ആംഫാന്‍ ചുഴലിക്കാറ്റ്

ഇന്ത്യയുടെ കിഴക്കന്‍ ഭാഗത്ത് ആംഫാന്‍ ചുഴലിക്കാറ്റ് വീശി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഈ നൂറ്റാണ്ടിലെ ആദ്യ സൂപ്പര്‍ സൈക്ലോണാണ് ആംഫാന്‍. ആംഫാന്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിനു മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ ഇതുവരെ കാണാത്ത വിധം 32 മുതല്‍ 34 ഡിഗ്രി വരെ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ഈ ഉയര്‍ന്ന താപനിലയാണ് ചുഴലിക്കാറ്റിനെ ഇത്രയും ശക്തമാകാന്‍ സഹായിച്ച ഒരു ഘടകമായി കാണുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമാണ് ഏറെ നാശം വിതച്ചത്.
9) മെയ് 29; ‘പൊന്‍മകള്‍ വന്താല്‍’ വിവാദമായ ഒ.ടി.ടി റിലീസ്

തമിഴ് സിനിമാതാരം ജ്യോതിക നായികയായി സൂര്യ നിര്‍മിച്ച ചിത്രം ‘പൊന്‍മകള്‍ വന്താല്‍’ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തു. ഒടിടി റിലീസ് തമിഴകത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു. തമിഴ്‌നാട് തിയറ്റര്‍-മള്‍ട്ടിപ്ലക്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സൂര്യ ഉള്‍പ്പെടുന്ന എല്ലാ സിനിമകളും തിയറ്ററുകളില്‍ വിലക്കുമെന്ന ഭീഷണി മുഴക്കി. മുപ്പതോളം നിര്‍മാതാക്കള്‍ തിയറ്ററുടമകളുടെ തീരുമാനത്തിനെതിരെ രംഗത്ത് വന്നു. ചിത്രത്തിന് പിന്നലെ നിരവധി ചിത്രങ്ങളാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുളില്‍ റിലീസ് ചെയ്തത്.
10) ജൂണ്‍ 2: നിസര്‍ഗ ചുഴലിക്കാറ്റ്

അറബി കടലില്‍ രൂപം കൊണ്ട് മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും തീരപ്രദേശത്തേക്ക് നീങ്ങിയ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് നിസര്‍ഗ. ആംഫാന്‍
ചുഴലിക്കാറ്റിനുശേഷം 2020 ലെ ഉത്തരേന്ത്യന്‍ മഹാസമുദ്ര ചുഴലിക്കാറ്റ് സീസണിലെ രണ്ടാമത്തെ ഉഷ്ണമേഖലാ ചുഴലിക്കാറ്റായിരുന്നു ഇത്.
1891 ന് ശേഷം രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മുംബൈയെ ബാധിച്ച ആദ്യത്തെ കൊടുങ്കാറ്റാണ് നിസര്‍ഗ.
11) ജൂണ്‍ 14; സുശാന്ത് സിംഗ് രജ്പുതിന്റെ മരണം

പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തി. താരത്തിന്റെ പെട്ടെന്നുള്ള വിടവാങ്ങലിന്റെ ഞെട്ടലിലാണ് ബോളിവുഡും ആരാധകരും ഇപ്പോഴും. മുംബൈ ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ കായ് പോ ചേയിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്.
12) ജൂണ്‍ 15: ഇന്ത്യ- ചൈന സംഘര്‍ഷം

ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയായ ഗാല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സന്തോഷ് ബാബു ഉള്‍പ്പെടെ ഇരുപത് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ചൈനയ്ക്ക് ആള്‍നാശമുണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നെങ്കിലും ചൈന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
13) ജൂണ്‍ 17: ഇന്ത്യ യുഎന്‍ രക്ഷാ സമിതിയില്‍

യുഎന്‍ രക്ഷാ സമിതിയിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാ പസഫിക് വിഭാഗത്തിലാണ് ഇന്ത്യ താത്കാലിക അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടുവര്‍ഷമാണ് താത്കാലിക അംഗങ്ങളുടെ കാലാവധി. 193 അംഗ ജനറല്‍ അസംബ്ലിയില്‍ 184 വോട്ടുകള്‍ നേടിയാണ് ഇന്ത്യ രക്ഷാസമിതിയിലെത്തിയത്. ഇന്ത്യയ്ക്ക് പുറമെ അയര്‍ലന്‍ഡ്, മെക്സിക്കോ, നോര്‍വേ എന്നീ രാജ്യങ്ങളും രക്ഷാസമിതിയില്‍ എത്തിയിട്ടുണ്ട്.
14) ജൂണ്‍ 29: ചൈനീസ് ആപ്പുകള്‍ നിരോധിച്ചു

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു. ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് ഇന്ത്യ. ഷെയര്‍ ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനര്‍, എക്സെന്‍ഡര്‍, ഡിയു റെക്കോര്‍ഡര്‍ തുടങ്ങിയവ ഉള്‍പ്പെടെ രാജ്യത്തു വ്യാപകമായി ഉപയോഗിക്കുന്ന മൊബൈല്‍ ആപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.
15) ജൂലൈ 29: പുതിയ വിദ്യാഭ്യാസ നയം

‘വിദ്യാഭ്യാസ മേഖല സമ്പൂര്‍ണമായും പരിഷ്‌കരിക്കുക’ എന്ന ലക്ഷ്യത്തോടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.
ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതി തയാറാക്കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയം 2019 മേയിലായിരുന്നു സര്‍ക്കാരിന് സമര്‍പ്പിച്ചത്. 1986-ലാണ് ഇതിനുമുന്‍പ് വിദ്യാഭ്യാസ നയം നടപ്പാക്കിയിട്ടുള്ളത്.
16) ജൂലൈ 29: പഞ്ചാബ് വ്യാജമദ്യ ദുരന്തം

വ്യാജമദ്യം കഴിച്ച് പഞ്ചാബിലെ അമൃത്സര്‍, ബറ്റാല, താണ്‍ തരന്‍ ജില്ലകളില്‍ 121 മരണം. മൂന്ന് പതിറ്റാണ്ടിനിടെ സംസ്ഥാനം നേരിട്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്. സംഭവത്തില്‍ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും ആറു പൊലീസുകാരെയും സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. അമൃതസറിലെ മുച്ചാല്‍ ഗ്രാമത്തിലാണ് ആദ്യ മരണങ്ങളുണ്ടായത്. വ്യാജമദ്യം നിര്‍മിച്ചതും ഇവിടെയാണെന്ന് കണ്ടെത്തിയിരുന്നു.
17) ഓഗസ്റ്റ് 5: അയോധ്യ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച് കൊണ്ട് പുതിയ ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. രാമജന്മഭൂമിയില്‍ തയാറാക്കിയ പ്രത്യേക വേദിയിലാണ് പുതിയ ക്ഷേത്രത്തിന്റെ ഭൂമിപൂജ നടന്നത്. തറക്കല്ലിടുന്ന അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷം കൊണ്ട് ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.
18) ഓഗസ്റ്റ് 9 – ആന്ധ്രയിലെ കൊവിഡ് സെന്ററില്‍ തീപിടുത്തം

ആന്ധ്രയിലെ വിജയവാഡ നഗരത്തിലെ കൊവിഡ് സെന്ററില്‍ ഉണ്ടായ തീപിടുത്തത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൊവിഡ് രോഗികള്‍ക്ക് വേണ്ടി സജ്ജമാക്കിയ ആശുപത്രിയാണിലാണ് തീപിടുത്തമുണ്ടായത്.
19) ഓഗസ്റ്റ് 15; ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇന്ത്യയെ ഏകദിന, ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് വിജയങ്ങളിലേയ്ക്ക് നയിച്ച മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 16 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറാണ് ധോണി ഓഗസ്റ്റ് 15 ന് അവസാനിപ്പിച്ചത്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്പര. ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരം ധോണിയുടെ രാജ്യാന്തര കരിയറിലെ അവസാന മത്സരവുമായി.
20) സെപ്റ്റംബര്‍ 25: എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം കൊവിഡ് നെഗറ്റീവ് ആയിരുന്നു എങ്കിലും ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു.
21) സെപ്റ്റംബര്‍ 30: ബാബരി മസ്ജിദ് കേസില്‍ പ്രതികളെ വെറുതെ വിട്ടു

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസില്‍ പ്രതികളെ എല്ലാവരെയും കോടതി വെറുതെ വിട്ടു. കാല്‍ നൂറ്റാണ്ട് പഴക്കമുള്ള കേസിലാണ് ലക്‌നൌ പ്രത്യേക സി.ബി.ഐ കോടതി വിധി പുറപ്പെടുവിച്ചത്. മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി അടക്കം 32 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ യാദവാണ് രണ്ടായിരം പേജുള്ള വിധി പുറപ്പെടുവിച്ചത്.
22) ഒക്ടോബര്‍ 17: ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് 100 വയസ്

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നൂറാം വര്‍ഷികം. 1920 ഒക്ടോബര്‍ 17-ന് താഷ്‌ക്കന്റില്‍ ഇന്ത്യന്‍ വിപ്ലവകാരികള്‍ യോഗം ചേര്‍ന്നാണ് ആദ്യ കമ്മ്യൂണിസ്റ്റ് ഘടകത്തിന് രൂപം നല്‍കിയത്. എം.എന്‍. റോയ്, അബാനി മുഖര്‍ജി, ഹസ്രത് അഹ്മദ് ഷഫീക്ക് തുടങ്ങിയവരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണ യോഗത്തില്‍ പങ്കെടുത്ത പ്രധാന നേതാക്കള്‍.
23) നവംബര്‍ 24; ഉത്തര്‍പ്രദേശില്‍ ആന്റി ലവ് ജിഹാദ് നിയമം

ഉത്തര്‍പ്രദേശ് സംസ്ഥാന മന്ത്രിസഭ 2020 നവംബര്‍ 24 ന് ഉത്തര്‍പ്രദേശ് ആന്റി ലവ് ജിഹാദ് നിയമത്തിന്റെ ഓര്‍ഡിനന്‍സ് അംഗീകരിച്ചു. വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റം വിലക്കുന്നതാണ് നിയമം. മതപരിവര്‍ത്തന വിരുദ്ധ ബില്ലിന്റെ ഭാഗമായാണ് യുപി സര്‍ക്കാര്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നത്. എന്നാല്‍ ഇത് പൗരാവകാശം ലംഘിക്കുന്നതും ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെന്നും ആരോപണമുയര്‍ന്നു.
24) നവംബര്‍ 26: കര്‍ഷക സമരം

വിവാദമായ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുടെ പ്രതിഷേധം നവംബര്‍ മാസം 26-ാം തിയതിയാണ് ആരംഭിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് ഇപ്പോഴും തുടരുകയാണ്. ഡല്‍ഹി അതിര്‍ത്തി സ്തംഭിപ്പിച്ച് കടുത്ത തണുപ്പിലും തുടരുന്ന കര്‍ഷക സമരത്തില്‍ നിരവധി കര്‍ഷകരാണ് മരിച്ചത്.
Story Highlights – India in 2020; 24 major events
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here