2020 ന്റെ നഷ്ടങ്ങള്‍’; ഓര്‍മകള്‍ ബാക്കിയാക്കി വിട പറഞ്ഞവര്‍

2020 തീരാനഷ്ടങ്ങളും വേദനകളും നല്‍കിയാണ് വിട പറയുന്നത്. 2020 എത്ര പ്രതിഭകളെയാണ് നമ്മളില്‍ നിന്നടര്‍ത്തി മാറ്റിയത്.
മലയാളത്തിന്റെ നഷ്ടങ്ങള്‍
അക്കിത്തം അച്യുതന്‍ നമ്പൂതിരി
ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി വിടവാങ്ങിയത് 2020 ലായിരുന്നു. 94 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ ഒക്ടോബര്‍ 15നാണ് അന്ത്യം സംഭവിച്ചത്.
സുഗതകുമാരി
മലയാളത്തിന്റെ അമ്മമനസ് സുഗതകുമാരി വിടവാങ്ങിയത് 2020 ന്റെ തീരാനഷ്ടമാണ്. ഡിസംബര്‍ 23 ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സുഗതകുമാരിയുടെ രാഷ്ട്രീയം പ്രകൃതിയുടെയും പരിസ്ഥിതിയുടേതുമായിരുന്നു. ചൂഷിത പെണ്‍മയുടേതായിരുന്നു. സ്വയം ചിറകൊടിഞ്ഞ കാട്ടുപക്ഷിയായി മാറാനും രാത്രിമഴയായി രൂപാന്തരപ്പെടാനും സുഗതകുമാരിക്ക് ഒരെസമയം സാധിക്കുമായിരുന്നു.
എംപി വീരേന്ദ്രകുമാര്‍
മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എംപി വീരേന്ദ്രകുമാറും വിട പറഞ്ഞത് 2020 ലായിരുന്നു. രാഷ്ട്രീയ കേരളത്തിന് മികച്ച ഒരു നേതാവിനെ നഷ്ടമായപ്പോള്‍ മലയാള സാഹിത്യത്തിന് പകരം വെക്കാനില്ലാത്ത എഴുത്തുകാരനെയാണ് നഷ്ടമായത്. സോഷ്യലിസ്റ്റ് നേതാവും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന വീരേന്ദ്രകുമാറിന്റെ മരണം രാഷ്ട്രീയ രംഗത്തിന് നികത്താനാകാത്ത നഷ്ടമായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.83 വയസായിരുന്നു.
എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍
മലയാള ചലച്ചിത്ര സംഗീതസംവിധായകന്‍. 200-ഓളം സിനിമകള്‍ അറുനൂറിലേറെ പാട്ടുകള്‍.ആയിരത്തിലധികം നാടകഗാനങ്ങള്‍. പതിനാല് തവണ സംഗീതനാടക അക്കാദമി അവാര്‍ഡ്. മികച്ച ചലച്ചിത്ര സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
യുഎ ഖാദര്‍
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ യുഎ ഖാദര്‍ ഓര്‍മയായത് നവംബര്‍ 12നായിരുന്നു.
ഏറെക്കാലം ശ്വാസകോശാര്‍ബുദ ബാധിതനായിരുന്ന അദ്ദേഹം ഗുരുതരമായതോടെ കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
സച്ചി
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ അന്ത്യം സിനിമാ പ്രേമികളില്‍ ഞെട്ടലുണ്ടാക്കിയ ഒന്നാണ്. ഹൃദയാഘാതത്തെത്തുടര്‍ന്ന് തൃശൂരില്‍ ചികിത്സയിലായിരുന്നു. അയ്യപ്പനും കോശിയും, അനാര്‍ക്കലി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. രാമലീലയും ഡ്രൈവിങ് ലൈസന്‍സും ഉള്‍പ്പെടെ പന്ത്രണ്ട് തിരക്കഥകള്‍ എഴുതി. 2007 ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം. അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് സിനിമയില് എത്തിയത്. നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു.
അനില്‍ നെടുമങ്ങാട്
മലയാള ചലച്ചിത്ര താരം അനില്‍ നെടുമങ്ങാട് (48) മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ജലാശയത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സ്വദേശിയാണ്. അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാവാട, കമ്മട്ടിപ്പാടം, ഞാന്‍ സ്റ്റീവ് ലോപ്പസ്, മണ്‍ട്രോത്തുരുത്ത്, ആമി, മേല്‍വിലാസം, ഇളയരാജ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് ജനപ്രീതി നേടിയ അഭിനേതാവാണ്. എണ്ണം പറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം സൃഷ്ടിക്കുന്നതിനിടെയായിരുന്നു നടന്‍ അനില്‍ നെടുമങ്ങാടിന്റെ ആകസ്മിക മരണം.
ഷാനവാസ് നരണിപ്പുഴ
സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ (38) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കരി, സൂഫിയും സുജാതയും എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെ.ജി. ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലായിരുന്ന ഷാനവാസിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
കലിംഗ ശശി
മലയാള സിനിമാ നടന്‍. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. നാടകരംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500-ലധികം നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം 1998-ലാണ് ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. ‘തകരച്ചെണ്ട’യെന്ന സിനിമയില്‍ ആക്രിക്കച്ചവടക്കാരന്റെ വേഷത്തിലാണ് അരങ്ങേറ്റം. തുടര്‍ന്ന്, അവസരങ്ങള്‍ ലഭിക്കാതെവന്നപ്പോള്‍ നാടകത്തിലേക്ക് തിരിച്ചുപോയി. പിന്നീട് ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ വീണ്ടും വെളളിത്തിരയില്‍ തിരിച്ചെത്തി. പിന്നീടിങ്ങോട്ട് നിരവധി മലയാള ചലച്ചിത്രങ്ങളില്‍
രവി വള്ളത്തോള്‍
സിനിമാ, മിനി സ്‌ക്രീന്‍ രംഗത്തെ ഈ വര്‍ഷത്തെ വലിയ നഷ്ടങ്ങളിലൊന്നായിരുന്നു രവി വള്ളത്തോളിന്റെ വിടവാങ്ങല്‍. ദൂരദര്‍ശന്റെ പ്രതാപകാലത്ത് സീരിയല്‍ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1996-ല്‍ ദൂരദര്‍ശനിലെ വൈതരണി എന്ന പമ്പരയിലൂടെയാണ് അഭിനയരംഗത്ത് സജീവമാകുന്നത്. അച്ഛന്‍ ടി.എന്‍.ഗോപിനാഥന്‍ നായര്‍ തന്നെയായിരുന്നു പരമ്പരയുടെ രചന. തുടര്‍ന്ന് നൂറിലേറെ ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചു.
അനില്‍ മുരളി
ചെറിയ സീരിയല്‍ വേഷങ്ങളിലൂടെ സിനിമാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നടനായിരുന്നു. അനില്‍ മുരളി കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിക്കെയായിരുന്നു അന്ത്യം.
സൗഹൃദങ്ങളില്‍ ഫലിതപ്രിയനും രസികനുമായി ജീവിതം നയിച്ചൊരാള്‍. സമീപനാളുകളില്‍ തമിഴ് സിനിമയാണ് അനില്‍ മുരളിക്ക് ശക്തമായ വേഷങ്ങള്‍ നല്‍കിയത്. സൂപ്പര്‍താരസിനിമകളില്‍ സ്ഥിരം സാന്നിധ്യമായ അനില്‍ മുരളിക്ക് പൊലീസ് കഥാപാത്രങ്ങളായി കൂടുതല്‍ മികവറിയിച്ചു. അതാണ് മറ്റുഭാഷകളിലേക്ക് അവസരമൊരുക്കിയത്. തമിഴില്‍ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ തേടിവന്നു.
ഇന്ത്യന്‍ സിനിമയുടെ നഷ്ടങ്ങള്‍
എസ്.പി. ബാലസുബ്രമണ്യം
സംഗീത ലോകത്തെ ഏറ്റവും വലിയ നഷ്ടമാണ് എസ്.പി.ബിയുടെ വിയോഗത്തിലൂടെ ഉണ്ടായത്.
ഇന്ത്യ കണ്ട മികച്ച ഗായകരില്‍ ഒരാളായ എസ്.പി. ബാലസുബ്രമണ്യം എന്ന എസ്.പി.ബി. സംഗീത പ്രേമികളെ സംബന്ധിച്ച് ഒരു വികാരമായിരുന്നു. ആത്മാവിനോട് അലിഞ്ഞുചേര്‍ന്ന അനേകം ഗാനങ്ങളാണ് അദ്ദേഹത്തിന്റെ മാസ്മരിക ശബ്ദത്തിലൂടെ ഉടലെടുത്തത്. ഒരു ഗായകനിലുപരി സംഗീത സംവിധായകന്‍, അഭിനേതാവ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സീരിയല്‍ അഭിനേതാവ്, ടെലിവിഷന്‍ അവതാരകന്‍, റിയാലിറ്റി ഷോ ജഡ്ജ് എന്നിങ്ങനെ നിരവധി മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. കൊവിഡ് ബാധയ്ക്ക് തൊട്ടു മുന്‍പ് വരെ സംഗീതലോകത്ത് സജീവമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം എക്കാലവും തീരാ നഷ്ടമായി അവശേഷിക്കും.
ഇര്‍ഫാന്‍ ഖാന്‍
ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായ ഇര്‍ഫാന്‍ ഖാന്‍ വിടപറഞ്ഞത് ഈ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു. പ്രിയനടന്റെ അകാല വിയോഗം ഇന്ത്യന്‍ സിനിമാലോകവും ആരാധകരും സ്വീകരിച്ചത് ഞെട്ടലോടെയാണ്. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.
ഗോഡ്ഫാദര്‍മാരില്ലാതെ ബോളിവുഡില്‍ മേല്‍വിലാസം സൃഷ്ടിച്ച ഇര്‍ഫാന്‍ ഖാന്‍ ഹിന്ദി സിനിമയിലെ നവതരംഗ സിനിമകളുടെ പ്രതീകമായിരുന്നു.
2018-ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു. സലാം ബോംബെ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2003-ല്‍ പുറത്തിറങ്ങിയ ഹാസില്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ് ഇര്‍ഫാന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. മക്ബൂല്‍, ലൈഫ് ഇന്‍ എ മെട്രോ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധ നേടുകയും ഇര്‍ഫാന്‍ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളാകുകയും ചെയ്തു. സൂപ്പര്‍താര പരിവേഷത്തില്‍ താല്‍പര്യമില്ലാത്ത ഇര്‍ഫാന്‍ സമാന്തര സിനിമകളിലും കച്ചവട സിനിമകളിലും ഒരുപോലെ വേഷമിട്ടു. ദ ലഞ്ച് ബോക്സ്, പാന്‍ സിങ് തോമര്‍, തല്‍വാര്‍, ഹിന്ദി മീഡിയം, ഫേവറേറ്റ്, ദ ഡേ, മുംബൈ മേരി ജാന്‍, കര്‍വാന്‍, മഡാരി, ലൈഫ് ഇന്‍ എ മെട്രോ, പീകു, ബ്ലാക്ക് മെയില്‍, ഹൈദര്‍, യേ സാലി സിന്ദഗി, ഖരീബ് ഖരീബ് സിംഗിള്‍, ദ വാരിയര്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റു ചിത്രങ്ങള്‍
ഋഷി കപൂര്‍
പ്രണയാതുര ഭാവങ്ങളിലൂടെ ബോളിവുഡിനെ ത്രസിപ്പിച്ച നടനും നിര്‍മാതാവും സംവിധായകനുമായ ഋഷി കപൂര്‍ വിടപറഞ്ഞതും 2020 ല്‍ ആണ്. ഇന്ത്യന്‍ ചലച്ചിത്രലോകം കണ്ട എക്കാലത്തെയും ജനപ്രിയ നടന്മാരിലൊരാളും സംവിധായകനും നിര്‍മാതാവുമായ രാജ് കപൂറിന്റെ മകനായ ഋഷി, പിതാവ് സംവിധാനം ചെയ്ത ‘ശ്രീ 420’ എന്ന ചിത്രത്തില്‍ മുഖം കാണിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. 1973-ല്‍ പുറത്തിറങ്ങിയ ബോബി എന്ന ചിത്രമാണ് ഋഷി കപൂറിനെ ബോളിവുഡിന്റെ പ്രിയതാരമാക്കിയത്. അമര്‍ അക്ബര്‍ ആന്റണി, ലൈല മജ്‌നു, സര്‍ഗം, ബോല്‍ രാധാ ബോല്‍, റാഫൂ ചക്കര്‍, പ്രേം രോഗ്, ഹണിമൂണ്‍, ചാന്ദ്‌നി തുടങ്ങിയ സിനിമകള്‍ ഋഷി കപൂറിന്റെ റൊമാന്റിക് ഭാവങ്ങള്‍ ആരാധകരുടെ മനം നിറച്ച ചിത്രങ്ങളാണ്
പി. കൃഷ്ണമൂര്‍ത്തി
ചലച്ചിത്ര കലാസംവിധായകന്‍. കലാസംവിധാനത്തിലും വസ്ത്രാലങ്കാരത്തിലും പ്രതിഭ തെളിയിച്ച കൃഷ്ണമൂര്‍ത്തിക്ക് ഇരുവിഭാഗങ്ങളിലുമായി അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് അടക്കം 55 സിനിമകളില്‍ കലാസംവിധാനം നിര്‍വഹിച്ചു. മാധവാചാര്യ(കന്നട), ഒരു വടക്കന്‍ വീരഗാഥ(മലയാളം), ഭാരതി(തമിഴ്) ചിത്രങ്ങളിലൂടെയാണ് കലാസംവിധാനത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയത്. ഒരു വടക്കന്‍വീരഗാഥയിലെയും ഭാരതിയിലെയും വസ്ത്രാലങ്കാരവും ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു. സ്വാതിതിരുനാള്‍, വൈശാലി, പെരുന്തച്ചന്‍, വചനം, രാജശില്പി, പരിണയം, കുലം, ഗസല്‍ തുടങ്ങി 15-ഓളം മലയാള ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചു.
സുശാന്ത് സിംഗ് രജ്പുത്
2020 ല്‍ ബോളിവുഡിനെ ഞെട്ടിച്ച സംഭവമായിരുന്നു നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം. ജൂണ്‍ 14ന് അദ്ദേഹത്തെ മുംബൈയിലെ ഫ്‌ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്ന തരത്തില്‍ സുശാന്തിന്റെ മരണം വാര്‍ത്തയായി. മരണം ദുരൂഹമാണെന്നും സിനിമയില്‍ നിലനില്‍ക്കുന്ന സ്വജനപക്ഷപാതത്തിന്റെ ഇരയാണ് സുശാന്തെന്നുമുള്ള ചര്‍ച്ചകള്‍ക്കും ഇത് വഴിവച്ചു. 34-ാം വയസ്സിലാണ് അദ്ദേഹം സിനിമാ ലോകത്തോട് വിടപറഞ്ഞത്.
ചിരഞ്ജീവി സര്‍ജ
കന്നഡ സിനിമയിലെ യുവതാരമായിരുന്ന ചിരഞ്ജീവി സര്‍ജയെ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തത് ഈ വര്‍ഷമാണ്. നടി മേഘ്‌ന രാജിന്റെ ജീവിത പങ്കാളിയായാണ് മലയാളികള്‍ക്ക് ചിരഞ്ജീവിയെ കൂടുതല്‍ പരിചയം. ചിരഞ്ജീവി മരിക്കുമ്പോള്‍ മേഘ്‌ന നാല് മാസം ഗര്‍ഭിണിയായിരുന്നു. തെന്നിന്ത്യന്‍ ആക്ഷന്‍ കിങ് അര്‍ജുന്‍ സര്‍ജ താരത്തിന്റെ അമ്മാവനാണ്. കന്നഡയിലെ സൂപ്പര്‍താരം ധ്രുവ് സര്‍ജ സഹോദരനാണ്.
സൗമിത്ര ചാറ്റര്‍ജി
അഭിനയമികവുകൊണ്ട് ഇന്ത്യന്‍ സിനിമയുടെ ഖ്യാതി അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തിയ ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി അരങ്ങൊഴിഞ്ഞതും 2020 ല്‍ ആണ്. ഇന്ത്യന്‍ സിനിമയില്‍ വേറിട്ട അഭിനയജീവിതമാണ് സൗമിത്ര ചാറ്റര്‍ജിയുടേത്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരമായി പരിഗണിക്കുന്ന അദ്ദേഹം സത്യജിത് റേ സംവിധാനം ചെയ്ത ചിത്രങ്ങളിലാണ് കൂടുതലായും അഭിനയിച്ചിട്ടുള്ളത്. റേയുടെ 14 ഓളം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച സൗമിത്ര ചാറ്റര്‍ജി ദേശീയ അവാര്‍ഡുകളടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടി.
ജഗദീപ് ജഫ്രി
എക്കാലത്തെയും മികച്ച ഹാസ്യനടന്മാരില്‍ ഒരാളായ ബോളിവുഡ് നടന്‍ ജഗദീപ് ജഫ്രിയും 2020 ലെ നഷ്ടങ്ങളില്‍ ഇടം പിടിച്ചു. അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, ഹേമമാലിനി, ജയ ബച്ചന്‍ എന്നിവര്‍ അഭിനയിച്ച ‘ഷോലെ’ എന്ന ചിത്രത്തിലെ സൂര്‍മ ഭോപാലി എന്ന കഥാപാത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് അദ്ദേഹം. സയ്യിദ് ഇഷ്തിയാക് അഹമ്മദ് ജാഫ്രി എന്നായിരുന്നു യഥാര്‍ത്ഥ പേര്.
ആസിഫ് ബസ്ര
സുശാന്തത്തിന് പിന്നാലെ ബോളിവുഡിനെ ഞെട്ടിച്ച മറ്റൊരു ആത്മഹത്യയായിരുന്നു ബോളിവുഡ് നടനും ടെലിവിഷന്‍ താരവുമായ ആസിഫ് ബസ്രയുടേത്. ധര്‍മ്മശാലയിലെ ഒരു സ്വകാര്യ കെട്ടിടത്തില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമേരിക്കന്‍ ഹാസ്യ ചിത്രമായ ഔട്‌സോഴ്‌സ്ഡ് ആണ് ശ്രദ്ധേയമായ ചിത്രം. മോഹന്‍ലാല്‍ നായകനായ മലയാള ചിത്രം ‘ബിഗ് ബ്രദറില്‍’ മുത്താന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആസിഫ് ബസ്ര ശ്രദ്ധ നേടിയിരുന്നു.
പാര്‍വൈ മുനിയമ്മ
തമിഴ് സിനിമകളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയയായ നടിയും ?നാടന്‍പാട്ട് ?ഗായികയുമായ പാര്‍വൈ മുനിയമ്മ വിട പറഞ്ഞത് 2020 ലാണ്. 2003 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ധൂളിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. മുനിയമ്മ പാടി അഭിനയിച്ച് ധൂളിലെ ”സിങ്കം പോല” എന്ന ?ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിക്കൊപ്പം പോക്കിരിരാജ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ എത്തി.
Story Highlights -Losses of 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here