Advertisement

സ്‌കൂളുകളിലേക്ക് 83000 ലിറ്റര്‍ സാനിറ്റൈസര്‍ കെഎസ്ഡിപി നല്‍കും

January 3, 2021
Google News 2 minutes Read
KSDP will provide 83000 liters of sanitizer to schools

കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സുരക്ഷ ഒരുക്കാന്‍ 83000 ലിറ്റര്‍ സാനിറ്റൈസര്‍ പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) നല്‍കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 4402 സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളിലേക്കാണ് സാനിറ്റൈസര്‍ വിതരണം. പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്ന് ലഭിച്ച ഓര്‍ഡര്‍ പ്രകാരമാണ് സാനിറ്റൈസര്‍ നല്‍കുന്നത്.

ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, വയനാട്, ജില്ലകളില്‍ വിതരണം തുടങ്ങി. കാസര്‍ഗോഡ്, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വിതരണം തിങ്കളാഴ്ച തുടങ്ങും.
കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് കെഎസ്ഡിപി സാനിറ്റൈസര്‍ നിര്‍മാണം തുടങ്ങിയത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് കുറഞ്ഞവിലയിലാണ് കെഎസ്ഡിപി സാനിറ്റൈസര്‍ വിപണിയിലിറക്കിയത്. ഇതോടെ പൊതുവിപണിയിലെ സാനിറ്റൈസര്‍ വില നിയന്ത്രിക്കാനുമായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിംഗ്ബൂത്തുകളിലേക്ക് ആവശ്യമായ സാനിറ്റൈസര്‍ കെഎസ്ഡിപി ഉത്പാദിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി 2.5 ലക്ഷം ലിറ്റര്‍ സാനിറ്റൈസറാണ് കലവൂരിലെ ഫാക്ടറിയില്‍ നിര്‍മിച്ചത്.

സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് ആവശ്യമായ സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നതും കെഎസ്ഡിപിയാണ്. തുടക്കത്തില്‍ അരലിറ്റര്‍ ബോട്ടിലിലായിരുന്നു സാനിറ്റൈസര്‍ പുറത്തിറക്കിയത്. ഇപ്പോള്‍ 250, 200, 100 മില്ലീലിറ്ററിനു പുറമേ അഞ്ച് ലിറ്ററിന്റെ ബോട്ടിലും വിപണിയില്‍ ലഭ്യമാണ്. ഇതുവരെ 20ലക്ഷം സാനിറ്റെസര്‍ ഈ പൊതുമേഖലാ സ്ഥാപനത്തില്‍ ഉത്പാദിപ്പിച്ചു. 51.88 കോടി രൂപയുടെ വിറ്റുവരവും ഇതിലൂടെ നേടി. വൈവിധ്യവത്ക്കരണത്തിലൂടെ വലിയ മുന്നേറ്റത്തിലാണ് കെഎസ്ഡിപി. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ വെള്ളിയാഴ്ചയാണ് തുറന്നത്. ആദ്യഘട്ടത്തില്‍ 10, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്.

Story Highlights – KSDP will provide 83000 liters of sanitizer to schools

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here