സൗദി അതിര്‍ത്തികള്‍ വീണ്ടും തുറന്നു; വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇനി രാജ്യത്തേക്ക് പ്രവേശിക്കാം

covid 19, coronavirus, saudi

സൗദി അതിര്‍ത്തികള്‍ വീണ്ടും തുറന്നു. പുതിയ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് സൗദി അതിര്‍ത്തികള്‍ അടച്ചത്. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് ഇന്ന് രാവിലെ 11 മണി മുതല്‍ പൂര്‍ണമായും പിന്‍വലിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വ്യോമ, കടല്‍, കര മാര്‍ഗം വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇനി സൗദിയിലേക്ക് പ്രവേശിക്കാം. സൗദിയില്‍ നിന്ന് പുറത്തു പോകാനുള്ള വിലക്ക് ഒരാഴ്ച മുമ്പ് പിന്‍വലിച്ചിരുന്നുവെങ്കിലും സൗദിയിലേക്കു പ്രവേശിക്കുന്നതിനുള്ള വിലക്ക് ഇപ്പോഴാണ് പിന്‍വലിക്കുന്നത്.

Read Also : അന്താരാഷ്ട്ര ഗതാഗതം വീണ്ടും നിര്‍ത്തിവച്ച് സൗദി അറേബ്യ

പുതിയ വൈറസ് വ്യാപിച്ച ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയില്‍ പ്രവേശിക്കുന്നതിന് ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയില്‍ എത്തിയാല്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയുക, സൗദിയിലെത്തി 48 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്തുക, 13മത്തെ ദിവസം വീണ്ടും പരിശോധന നടത്തുക തുടങ്ങിയവ ഇതില്‍ പെടും.

മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഒരാഴ്ച ക്വാറന്റീനില്‍ കഴിയണം. അല്ലെങ്കില്‍ മൂന്ന് ദിവസം ക്വാറന്റീനില്‍ കഴിഞ്ഞു പിസിആര്‍ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം. എന്നാല്‍ നേരത്തെ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള സര്‍വീസുകള്‍ പുനരാഭിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Story Highlights – saudi, covid, lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top