ഗോളടിക്കാൻ ബുദ്ധിമുട്ടി ബാഴ്സ; ക്ലബ് വിറ്റുകളഞ്ഞ സുവാരസ് ലാ ലിഗ ടോപ്പ് സ്കോറർ

കഴിഞ്ഞ പതിറ്റാണ്ടിൽ ഫുട്ബോൾ ലോകം കണ്ട ഏറ്റവും വലിയ ടാക്ടിക്കൽ ബ്ലണ്ടറുകളുടെ കണക്കെടുത്താൽ അതിലെ ആദ്യ അഞ്ചിൽ വരാവുന്ന ഒന്നാണ് സുവാരസിനെ അത്‌ലറ്റികോ മാഡ്രിഡിനു നൽകിയ ബാഴ്സലോണ മാനേജ്മെൻ്റിൻ്റെ തന്ത്രം. ഇപ്പോൾ ഗോളടിക്കാൻ ആളില്ലാതെ ബാഴ്സലോണ ബുദ്ധിമുട്ടുമ്പോൾ സുവാരസ് ലാ ലിഗയിലെ ടോപ്പ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാമതാണ്.
ജോസപ് മരിയ ബാർതോമ്യു ബാഴ്സലോണയോട് ചെയ്ത പല ദ്രോഹങ്ങളിൽ ഒന്നായിരുന്നു സുവാരസിനെ വിൽക്കാനുള്ള തീരുമാനം. നേരത്തെ തീരുമാനിച്ചിരുന്നത് പരിശീലകൻ റൊണാൾഡ് കോമൻ നിശബ്ദമായി അനുസരിച്ചു. മുന്നേറ്റ നിരയിൽ സുവാരസിനെപ്പോലെ ഒരു ഗോളടി യന്ത്രം ഉണ്ടാവേണ്ടതിൻ്റെ ആവശ്യകത ആർക്കും മനസ്സിലാക്കാനായില്ല. അതിൻ്റെ ഫലമാണ് ഇപ്പോൾ ബാഴ്സ അനുഭവിക്കുന്നത്. സുവാരസിനു പകരക്കാരനായി പ്രോപ്പർ 9ആം നമ്പറിലെത്തിച്ച മാർട്ടിൻ ബ്രാത്‌വെയ്റ്റ് നടത്തുന്ന പ്രകടനമാണ് സുവാരസ് ആരായിരുന്നു എന്നതിനെപ്പറ്റി കൃത്യമായ ചിത്രം നൽകുന്നത്. തൻ്റെ കഴിവിൻ്റെ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ബ്രാത്‌വെയ്റ്റ് ആ റോളിൽ തീരെ ഫിറ്റല്ല. അത് അദ്ദേഹത്തിൻ്റെ കുഴപ്പമല്ല, സുവാരസിൻ്റെ മഹത്വമാണ്.
ഇപ്പോൾ ലാ ലിഗയിലെ ടോപ്പ് സ്കോററാണ് സുവാരസ്. 9 ഗോളുകളാണ് സുവാരസ് ഇതുവരെ അടിച്ചത്. ബാഴ്സലോണ ലീഗിൽ ഇതുവരെ ആകെ അടിച്ചത് 30 ഗോളുകൾ. ഇതിൽ ഏഴെണ്ണം അടിച്ച മെസിയാണ് സീസണിൽ ബാഴ്സയുടെ ടോപ്പ് സ്കോറർ. പ്രോപ്പർ 9 ആയ ബ്രാത്‌വെയ്റ്റ് നേടിയത് വെറും മൂന്ന് ഗോൾ. ഈ കണക്കുകളാണ് ബാഴ്സലോണയുടെ ഗോൾ ദാരിദ്ര്യം കാണിക്കുന്നത്.
Story Highlights – How Barcelona miss Luis Suarez
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here