Advertisement

കൊച്ചി – മംഗളൂരു ഗെയില്‍ പൈപ്പ്‌ലൈന്‍ ഉദ്ഘാടനം ഇന്ന്

January 5, 2021
2 minutes Read

കൊച്ചി – മംഗളൂരു ഗെയില്‍ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി ) പൈപ്പ്ലൈന്‍ ഇന്ന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക ഗവര്‍ണര്‍ വാജഭായ് വാല, മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കേന്ദ്ര എണ്ണ പ്രകൃതിവാതക സ്റ്റീല്‍ മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ പ്രകൃതിവാതക കമ്പനിയാണ് ഗെയില്‍. വിതരണം, എല്‍പിജി ഉത്പാദനം, വിപണനം, എല്‍എന്‍ജി റീഗ്യാസിഫിക്കേഷന്‍, പെട്രോകെമിക്കല്‍സ്, സിറ്റി ഗ്യാസ് എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. രാജ്യത്ത് 6,700 കിലോമീറ്റര്‍ പൈപ്പ് ലൈനിന്റെ നിര്‍മാണം നടത്തിവരികയാണ്. ഗെയിലിന് വാതക വിതരണത്തില്‍ 70 ശതമാനം വിപണി പങ്കാളിത്തമുണ്ട്.

കൊച്ചിയിലാണ് കേരളത്തിന്റെ ഉദ്ഘാടനവേദി. കേരളത്തിലും കര്‍ണാടകത്തിലും പരിസ്ഥിതി സൗഹൃദ ഇന്ധനം വ്യാപകമാക്കുന്നതില്‍ സുപ്രധാന നാഴികക്കല്ലാണിത്. വൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നുള്ള വാതകം എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ വഴി 444 കിലോമീറ്റര്‍ പൈപ്പ് ലൈലിലൂടെ കര്‍ണാടകയിലെ മംഗളൂരിലെത്തും.

പെട്രോകെമിക്കല്‍, ഊര്‍ജം, രാസവളം മേഖലകള്‍ക്ക് സംശുദ്ധമായ ഇന്ധനമാണ് ലഭിക്കുക. വാതകാധിഷ്ടിത വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് ഇത് ഏറെ ഗുണം ചെയ്യും. കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും സാമ്പത്തിക വളര്‍ച്ചയ്ക്കും പദ്ധതി വഴിയൊരുക്കും എന്നാണ് പ്രതിക്ഷ. 2013ല്‍ ആരംഭിച്ചെങ്കിലും എതിര്‍പ്പുകള്‍ മറികടന്ന് 2016 മുതലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലായത്.

Story Highlights – Kochi – Mangalore GAIL pipeline inauguration today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top