കാര്‍ഷിക നിയമങ്ങളിലെ ഭേദഗതികള്‍ ബജറ്റ് സമ്മേളനത്തില്‍ കേന്ദ്രം കൊണ്ടുവരില്ല

കര്‍ഷകരുമായി സമവായം ഉണ്ടാകാത്ത പശ്ചാത്തലത്തില്‍ കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതികള്‍ കേന്ദ്രസര്‍ക്കാര്‍ ബജറ്റ് സമ്മേളനത്തില്‍ കൊണ്ടുവരില്ല. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ പക്ഷേ കൂടുതല്‍ കര്‍ഷക ക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തും. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പാര്‍ലമെന്റ് സമ്മേളനം ജനുവരി 29 മുതലാണ് ആരംഭിക്കുക.
Read Also : കാര്‍ഷിക നിയമ പ്രമേയ വിവാദം; ഒ. രാജഗോപാലിനെ അതൃപ്തി അറിയിക്കുമെന്ന് ബിജെപി
2021-22 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന് നടത്താനാണ് സഭ ചേരുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ ഇരുസഭകളെയും ജനുവരി 29 ന് അഭിസംബോധന ചെയ്യും. എന്നാല്‍ കാര്‍ഷിക നിയമങ്ങളില്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയ ഭേദഗതികള്‍ ഇത്തവണത്തെ സമ്മേളനത്തിന്റെ അജണ്ടയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നേരത്തെ കാര്‍ഷിക നിയമങ്ങളിലെ ഭേദഗതികള്‍ സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിക്കും എന്നായിരുന്നു വിവരം.
കര്‍ഷകര്‍ സമരം പിന്‍വലിക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് വലിയ പ്രോത്സാഹന പദ്ധതികള്‍ ഉണ്ടാകും എന്നാണ് വിവരം. ഇന്‍ഷുറന്‍സ്, അടിസ്ഥാന വില, വൈദ്യുതി, വളം, ഇന്‍ഷുറന്‍സ് അടക്കമുള്ള മേഖലകളില്‍ ആയിരിക്കും കര്‍ഷക ക്ഷേമ പദ്ധതികള്‍.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പതിവ് പോലെ ഇത്തവണയും രണ്ട് ഘട്ടങ്ങളായാവും നടക്കുക. ജനുവരി 29ന് തുടങ്ങുന്ന ഒന്നാം ഘട്ടം ഫെബ്രുവരി 15ന് അവസാനിക്കും. രണ്ടാം ഘട്ടം മാര്‍ച്ച് എട്ടിന് തുടങ്ങി ഏപ്രില്‍ എട്ട് വരെ നീളും. ഓരോ ദിവസവും നാല് മണിക്കൂര്‍ വീതമാവും സഭ ചേരുക. കൊവിഡ് പശ്ചാത്തലത്തില്‍ ശൈത്യകാല സമ്മേളനം പാര്‍ലമെന്റ് ഉപേക്ഷിച്ചിരുന്നു.
Story Highlights – farm bill, central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here