ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് നാളെ; രോഹിത് ഓപ്പൺ ചെയ്യും; നവദീപ് സെയ്നിക്ക് അരങ്ങേറ്റം

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് നാളെ. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് നിർണായകമായ മത്സരം അരങ്ങേറുക. ആദ്യ രണ്ട് ടെസ്റ്റുകൾ ഓരോന്ന് വീതം ഇരു ടീമുകളും വിജയിച്ചു. അതുകൊണ്ട് തന്നെ മൂന്നാം ടെസ്റ്റിൽ വിജയിക്കുന്നവർക്ക് പരമ്പര പരാജയപ്പെടില്ലെന്ന് ഉറപ്പിക്കാൻ കഴിയും.
ഇരു ടീമുകളും ഓപ്പണിംഗിൽ മാറ്റം വരുത്തിയാണ് ഇറങ്ങുക. മായങ്ക് അഗർവാളിനു പകരം രോഹിത് ശർമ്മ ഇന്ത്യക്കായി ഇറങ്ങുമ്പോൾ ഓസീസിൻ്റെ രണ്ട് ഓപ്പണർമാരും മാറുമെന്നാണ് സൂചന. മോശം ഫോം തുടരുന്ന ജോ ബേൺസിനു പകരം ഡേവിഡ് വാർണർ ടീമിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. മാത്യു വെയ്ഡ് ഭേദപ്പെട്ട പ്രകടനങ്ങളാണ് പരമ്പരയിൽ നടത്തിയതെങ്കിലും യുവതാരം വിൽ പുകോവ്സികിക്ക് ടീമിൽ ഇടം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. വെയ്ഡിനു പകരമാണോ ട്രാവിസ് ഹെഡിനു പകരമാണോ പുകോവ്സ്കി എത്തുക എന്നത് പരിഗണിച്ചാവും ഓപ്പണിംഗ് കോമ്പിനേഷനുകൾ മാറുക. ഹെഡിനു പകരമെത്തി പുകോവ്സ്കിയെ വാർണർക്കൊപ്പം ഓപ്പണിംഗിനയച്ച് വെയ്ഡിനെ മധ്യനിരയിലേക്ക് മാറ്റാനും സാധ്യതയുണ്ട്.
Read Also :മെൽബൺ ടെസ്റ്റ് കാണാനെത്തിയ ആരാധകന് കൊവിഡ്; സിഡ്നിയിൽ കാണികൾക്ക് മാസ്ക് നിർബന്ധം
ടീമിലെ മറ്റൊരു മാറ്റം പരുക്കേറ്റ ഉമേഷ് യാദവിനു പകരം നവദീപ് സെയ്നി ടീമിൽ ഉൾപ്പെട്ടതാണ്. സെയ്നിയുടെ അരങ്ങേറ്റ ടെസ്റ്റാവും സിഡ്നിയിലേത്. ഉമേഷിനു പകരം നടരാജൻ ടീമിലെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും സെയ്നിക്ക് നറുക്ക് വീഴുകയായിരുന്നു. വിഹാരി ടീമിൽ സ്ഥാനം നിലനിർത്തി. രോഹിതിനൊപ്പം ശുഭ്മൻ ഗിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും.
Story Highlights – india vs australia 3rd test squad announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here