തിരുവനന്തപുരം കിളിമാനൂരില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം കിളിമാനൂരില്‍ പെട്രോള്‍ ടാങ്കര്‍ അപകടത്തില്‍പ്പെട്ടു. ലോറി മറിയാതിരുന്നതും ടാങ്കറിനു ചോര്‍ച്ച സംഭവിക്കാതിരുന്നതും വന്‍ദുരന്തം ഒഴിവാക്കി. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു.

തിരുവനന്തപുരം കിളിമാനൂരില്‍ സംസ്ഥാന പാതയില്‍ പുളിമാത്തിനും പൊരുന്തമണ്ണിനും ഇടയില്‍ പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. പെട്രോള്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മുന്നില്‍ പോകുകയായിരുന്ന ലോറിയുടെ പിറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൊച്ചിയിലെ പ്ലാന്റില്‍ നിന്നും ഇന്ധനവുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഭാരത് പെട്രോളിയത്തിന്റെ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്.

ഇടിയുടെ ആഘാതത്തില്‍ ടാങ്കറിന്റെ ക്യാബിന്‍ പൂര്‍ണമായും തകര്‍ന്നു. ലോറി മറിയാതിരുന്നതും ടാങ്കറിനു ചോര്‍ച്ചയുണ്ടാകാതിരുന്നതും വന്‍ദുരന്തം ഒഴിവാക്കി. ഇടിയുടെ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും അപകടത്തില്‍പ്പെട്ടത് ടാങ്കറാണെന്ന് അറിഞ്ഞതോടെ പരിഭ്രാന്തരായി. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെയും പൊലീസിനേയും വിവരം അറിയിച്ചു. വെഞ്ഞാറമൂട് നിന്നും ഫയര്‍ഫോഴ്സ് എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ടാങ്കര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

Story Highlights – tanker lorry accident – Kilimanoor Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top