Advertisement

പാലം നിർമാണ നടപടികൾ തുടങ്ങിയത് യുഡിഎഫ് സർക്കാർ; അവകാശ വാദം തള്ളി ഉമ്മൻ ചാണ്ടി

January 9, 2021
Google News 2 minutes Read
CPIM shows politics in development; Oommen Chandy

സംസ്ഥാന സർക്കാരിന്റെ പാലം ഉദ്ഘാടനത്തെ വിമർശിച്ച് മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. അഞ്ചു വര്‍ഷം മുമ്പ് ആരവങ്ങളില്ലാതെ 245 പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത സംസ്ഥാനത്ത് കൊച്ചിയിലെ രണ്ടു ഫ്‌ളൈഓവറുകള്‍ ഭരണം തീരാറായപ്പോള്‍, വലിയ ആഘോഷത്തോടെ തുറന്നതു കണ്ടപ്പോള്‍ അതിശയം തോന്നിയെന്ന് ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ കുറിച്ചു. യുഡിഎഫ് സര്‍ക്കാര്‍ ഡിപിആര്‍ തയാറാക്കി ഭരണപരമായ അനുമതി കൊടുത്ത വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകള്‍ അഞ്ചു വര്‍ഷമെടുത്താണ് ഇടതുസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഉമ്മൻ ചാണ്ടി കുറിച്ചു.

കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മിച്ചത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലാണ്. വര്‍ഷങ്ങളോളമായി മുടങ്ങിക്കിടക്കുന്നത് ഉള്‍പ്പെടെ 245 പാലങ്ങള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാക്കി. യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയതല്ലാത്ത ഒരു ഫ്‌ളൈ ഓവറോ പാലമോ ഇടതുസര്‍ക്കാര്‍ നിർമിച്ചിട്ടില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

അഞ്ചു വര്‍ഷം മുമ്പ് ആരവങ്ങളില്ലാതെ 245 പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത സംസ്ഥാനത്ത് കൊച്ചിയിലെ രണ്ടു ഫ്‌ളൈഓവറുകള്‍ ഭരണം തീരാറായപ്പോള്‍, വലിയ ആഘോഷത്തോടെ തുറന്നതു കണ്ടപ്പോള്‍ അതിശയം തോന്നി. യുഡിഎഫ് സര്‍ക്കാര്‍ ഡിപിആര്‍ തയാറാക്കി ഭരണപരമായ അനുമതി കൊടുത്ത വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകള്‍ അഞ്ചു വര്‍ഷമെടുത്താണ് ഇടതുസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നു.
അതിവേഗം വളരുന്ന കൊച്ചിയില്‍ മെട്രോ ട്രെയിന്‍ കൂടി തുടങ്ങിയപ്പോള്‍, സുഗമമായ ഗതാഗതത്തിനാണ് എറണാകുളത്ത് ഇടപ്പള്ളി, അരൂര്‍ ദേശീയപാത ബൈപാസില്‍ പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കുന്നതു ഉള്‍പ്പെടെയുള്ള ഉത്തരവ് (സ.ഉ. കൈ. നംഃ 51/2013/ പൊ.മ.വ) ജൂണ്‍ 14നു പുറപ്പെടുവിച്ചത്. ടോള്‍ പിരിവ് ഇല്ലാതെ നിര്‍മിക്കുന്നതിനും തീരുമാനിച്ചു.
ഇതില്‍ ഇടപ്പള്ളിയും പാലാരിവട്ടവും യുഡിഎഫിന്റെ കാലത്തു തന്നെ ഏതാണ്ട് പൂര്‍ത്തിയാക്കി യഥാക്രമം 2016 സെപ്റ്റംബറിലും ഒക്‌ടോബറിലും തുറന്നു. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ 70 ശതമാനം യുഡിഎഫും 30 ശതമാനം ഇടതുസര്‍ക്കാരുമാണ് പൂര്‍ത്തിയാക്കിയത്.

വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകള്‍ക്ക് ഡിപിആര്‍ തയാറാക്കി സ്‌പെഷന്‍ പര്‍പസ് വെഹിക്കിള്‍ രൂപീകരിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡില്‍ നിന്ന് പ്രാഥമിക ചെലവുകള്‍ക്കുള്ള തുക അനുവദിച്ചു. അപ്പോഴേക്കും തെരഞ്ഞെടുപ്പ് വിജ്ഞാപനം എത്തി.

കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മിച്ചത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലാണ്. വര്‍ഷങ്ങളോളമായി മുടങ്ങിക്കിടക്കുന്നത് ഉള്‍പ്പെടെ 245 പാലങ്ങള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാക്കി. യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയതല്ലാത്ത ഒരു ഫ്‌ളൈഓവറോ പാലമോ ഇടതുസര്‍ക്കാര്‍ ചെയ്തിട്ടില്ല.

യുഡിഎഫ് സര്‍ക്കാര്‍ ആഴ്ചയില്‍ ഒരു പാലം എന്ന നിരക്കില്‍ പാലങ്ങള്‍ തീര്‍ത്തപ്പോള്‍, ഇടതുസര്‍ക്കാര്‍ അഞ്ചു വര്‍ഷംകൊണ്ടൊരു പാലം എന്ന നയമാണ് സ്വീകരിച്ചത്.

Story Highlights – oommen chandy fb post on vyttila flyover inauguration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here