നിയമസഭ തെരഞ്ഞെടുപ്പ്; പത്തനംതിട്ടയില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കേരള കോണ്‍ഗ്രസ് എം

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പത്തനംതിട്ട ജില്ലയിലെ കേരള കോണ്‍ഗ്രസ് എം വിഭാഗം. മുന്നണി മാറിയതോടെ കേരള കോണ്‍ഗ്രസ് സീറ്റായ തിരുവല്ല, ലഭിക്കില്ല എന്നതിനാല്‍ മറ്റു സീറ്റുകളിലാണ് പ്രതീക്ഷ. എന്നാല്‍ മുന്നണി തീരുമാനം അനുസരിച്ച് മാത്രമായിരിക്കും പ്രവര്‍ത്തനം എന്നാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മികച്ച വിജയത്തിന് പിന്നില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സാന്നിധ്യവും ഉണ്ടെന്ന വിലയിരുത്തലുകള്‍ക്കിടെ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കണക്ക് കൂട്ടലുകളുമായി കളം പിടിക്കാന്‍ ഒരുങ്ങുകയാണ് കേരള കോണ്‍ഗ്രസ് എം. റാന്നി സീറ്റാണ് പാര്‍ട്ടി ലക്ഷ്യം. അഞ്ച് വര്‍ഷം തുടര്‍ച്ചയായി എംഎല്‍എ ആയ രാജു ഏബ്രഹാമിന് ഇനി അവസരം ലഭിക്കില്ലെന്നും സൂചനയുണ്ട്. ഈ അവസരമാണ് പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത്. സ്വന്തം തട്ടകമായ തിരുവല്ല ജനതാദള്‍ എസിന്റെ സീറ്റായതിനാലാണ് റാന്നിയ്ക്കായി കേരള കോണ്‍ഗ്രസ് എം ചരടുവലി നടത്തുന്നത്. എന്നാല്‍ മുന്നണി തീരുമാനമനുസരിച്ച് മാത്രമായിരിക്കും നടപടികള്‍ എന്ന് പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ എന്‍. എം രാജു പറഞ്ഞു.
കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ എത്തിയതിന് പിന്നാലെ തന്നെ ഇത്തരം ചര്‍ച്ചകള്‍ സജീവമായിരുന്നു. അതേസമയം, റാന്നി കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കിയാല്‍ അതു വലിയ രാഷ്ട്രീയ ചുവടുമാറ്റമാകും. മണ്ഡലം വിട്ട് നല്‍കുന്നത് പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് തന്നെ കാരണമായേക്കും. പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ ജോസ് വിഭാഗത്തോട് പാര്‍ട്ടി വിട്ടുവീഴ്ച ചെയ്യാത്ത സാഹചര്യത്തില്‍.
Story Highlights – Assembly elections; Kerala Congress hopes to get more seats in Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here