ലൈഫ് പദ്ധതി അഴിമതി; മുഖ്യമന്ത്രി അറിഞ്ഞില്ലെന്നു പറഞ്ഞാൽ വിശ്വസിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ്

എം.ശിവശങ്കറിന്റെ കാർമികത്വത്തിൽ നടന്ന ലൈഫ് പദ്ധതി അഴിമതി മുഖ്യമന്ത്രി അറിഞ്ഞില്ലെന്നു പറഞ്ഞാൽ വിശ്വസിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിയ അഴിമതിയുടെ മാറാലകൾ ഹൈക്കോടതി കീറിയെറിഞ്ഞെന്ന് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. നിയമസഭയിൽ അനിൽ അക്കര നൽകിയ അടിയന്തര പ്രമേയ നോട്ടീസിൻമേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
ലൈഫ് പദ്ധതി അഴിമതിയുടെ മുഖ്യസൂത്രധാരകൻ എം.ശിവശങ്കറാണെന്നും അദ്ദേഹം ജോലി ചെയ്തത് പ്രതിപക്ഷ നേതാവിന്റെ ഓഫീസിലല്ലെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം കൊണ്ട് അഴിമതി ഇല്ലാതാകില്ല. അഹങ്കാരത്തിന് ജനങ്ങൾ മറുപടി പറയും. കൊള്ള ശരിയായി അന്വേഷിച്ചാൽ സർക്കാരിലെ പ്രമുഖരുടെ കൈയിൽ വിലങ്ങുവീഴുമെന്നും ചെന്നിത്തല.
ആർത്തിപ്പണ്ടാരം മൂത്ത അഴിമതിയാണ് ലൈഫിൽ നടന്നതെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ അനിൽ അക്കര. ഭരണ നേതൃത്വത്തിന് ക്രിമിനൽ പങ്കാളിത്തമില്ലെന്നതാണ് ഹൈക്കോടതി വിധിയുടെ കാതലെന്ന് മന്ത്രി എ.സി മൊയ്തീൻ മറുപടി നൽകി. കേന്ദ്ര ഏജൻസികൾക്കൊപ്പം പ്രതിപക്ഷവും കൂടി, പാവങ്ങളുടെ വീട് ഇല്ലാതാക്കുന്നു. സ്പീക്കർ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Story Highlights – Leader of the Opposition life mission case comment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here