ജനിതകമാറ്റം വന്ന കൊവിഡ് പടർന്നുപിടിക്കുന്നു; യു.കെയിൽ കണ്ടെത്തിയ വകഭേദം 50 രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചതായി ലോകാരോഗ്യ സംഘടന

ജനിതകമാറ്റം സംഭവിച്ച കൊവിഡ് വകഭേദം പടർന്നുപിടിക്കുന്നു. യു.കെയിൽ കണ്ടെത്തിയ വകഭേദം 50 രാജ്യങ്ങളിലേയ്ക്കും ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ മറ്റൊരു വകഭേദം 20 രാജ്യങ്ങളിലേയ്ക്കും വ്യാപിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. വൈറസിന്റെ മൂന്നാമതൊരു വകഭേദം ജപ്പാനിൽ കണ്ടെത്തിയതായി സംശയിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരേണ്ടതുണ്ടെന്നും ലോകാരോഗ്യസംഘടന പറഞ്ഞു.

ബ്രിട്ടനിൽ കണ്ടെത്തിയ കൊവിഡ് വകഭേദത്തെ സംബന്ധിച്ച് 2020 ഡിസംബർ പതിനാലിനാണ് ലോകാരോഗ്യ സംഘടനയ്ക്ക് ആദ്യം വിവരം ലഭിക്കുന്നത്. ഇതേപ്പറ്റി കൂടുതൽ പഠനം നടത്തുന്നതിന് മുൻപ് തന്നെ മറ്റിടങ്ങളിലേയ്ക്ക് വ്യാപിച്ചു തുടങ്ങി. വൈറസ് ബാധിക്കുന്നവരുടെ പ്രായവും ലിംഗവും മറ്റ് വകഭേദങ്ങളിലേതിന് സമാനമാണ്. എന്നാൽ വ്യാപനശേഷി കൂടുതലാണെന്നാണ് സമ്പർക്കം കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമാക്കുന്നത്.

ദക്ഷിണാഫ്രിക്കയിൽ ഡിസംബർ 18 ന് കണ്ടെത്തിയ വകഭേദം 20 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നടത്തിയ പഠനങ്ങളിൽ പുതിയ വകഭേദം മുൻപുള്ളതിനെക്കാൾ അതിവേഗം പടർന്നു പിടിക്കാൻ സാധ്യതയുള്ളതാണെന്ന് കണ്ടെത്തി. അതിനിടെ, ജനുവരി ഒമ്പതിന് ബ്രസീലിൽനിന്ന് ജപ്പാനിലെത്തിയ നാല് യാത്രക്കാരിൽ പുതിയൊരു വകഭേദം കണ്ടെത്തിയെന്ന റിപ്പോർട്ട് ലോകാരോഗ്യ സംഘടനയ്ക്ക് ലഭിച്ചു. രണ്ട് മുതിർന്നവരിലും രണ്ട് കുട്ടികളിലും പുതിയ വകഭേദം കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.

Story Highlights – UK Covid Strain Now In 50 Countries: WHO

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top