ബജറ്റ് അവതരണത്തിൽ മന്ത്രി തോമസ് ഐസക് ചൊല്ലിയ ആദ്യ കവിത സ്നേഹയുടേത്; ഈ എട്ടാം ക്ലാസുകാരിക്ക് മന്ത്രിയോട് ഒരു അപേക്ഷയുണ്ട്

കൊറോണയെ തുരത്താം
എന്നും ഇരുട്ട് മാത്രമാവണമെന്നില്ല,
നേരം പുലരുകയും സൂര്യൻ സർവതേജസോടെ ഉദിക്കുകയും
കനിവാർന്ന പൂക്കൾ വിരിയുകയും വെളിച്ചം ഭൂമിയെ സ്വർഗമാക്കുകയും ചെയ്യും.
നമ്മൾ കൊറോണക്കെതിരെ പോരാടി വിജയിക്കുകയും അതേ
ആനന്ദം നിറഞ്ഞ പുലരിയെ തിരികെ എത്തിക്കുകയും പഴയ ലോകം പോലെ പുഞ്ചരിക്കുകയും ചെയ്യും.
നമുക്ക് ഒത്തു ചേരാം കൊറോണയെ തുരത്താം
പാലക്കാട് കുഴൽമന്നം സ്വദേശി സ്നേഹയുടെ കവിത ഉദ്ധരിച്ചാണ് ധനമന്ത്രി ടി.എം തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചത്. കുഴൽമന്നം ജി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് സ്നേഹ. ബജറ്റ് അവതരണത്തിൽ തന്റെ കവിത ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്ന് സ്നേഹ ട്വന്റിഫോറിനോട് പ്രതികരിച്ചു.
ധനകാര്യമന്ത്രിയുടെ സെക്രട്ടറിയാണ് കവിത ഉൾപ്പെടുത്തിയ കാര്യം വിളിച്ച് അറിയിച്ചത്. അഭിനന്ദനങ്ങൾ അറിയിക്കുകയും ഫോട്ടോ അയച്ചു നൽകാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് സ്നേഹ പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ടുള്ള അക്ഷരവർഷം പദ്ധതിക്കായാണ് കവിത എഴുതിയത്. ഏതെങ്കിലും മാഗസിനിൽ പ്രസിദ്ധീകരിക്കുമെന്നാണ് കരുതിയത്. ബജറ്റ് അവതരണത്തിനിടെ മന്ത്രി കവിത ചൊല്ലുമെന്ന് കരുതിയില്ലെന്നും സ്നേഹ പറഞ്ഞു.
ധനകാര്യമന്ത്രിയോട് ഒരു കാര്യം കൂടി സ്നേഹ ആവശ്യപ്പെട്ടു. മോശം അവസ്ഥയിലുള്ള വാടക കെട്ടിടത്തിലാണ് തങ്ങളുടെ സ്കൂൾ പ്രവർത്തിക്കുന്നത്. നിരവധി കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. മഴക്കാലമെത്തുമ്പോൾ കെട്ടിടം ചോർന്ന് ഒലിക്കും. തങ്ങളുടെ സ്കൂളിനായി പുതിയൊരു കെട്ടിടം വേണമെന്നായിരുന്നു സ്നേഹയുടെ ആവശ്യം. തന്റെ അപേക്ഷ മന്ത്രി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Story Highlights – Kerala budget 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here