Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (16-01-2021)

January 16, 2021
1 minute Read

സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ്; അറിഞ്ഞിരിക്കേണ്ട എട്ട് കാര്യങ്ങള്‍

സംസ്ഥാനത്തെ കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും കൊവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയത്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ നടക്കുന്നത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ഉണ്ടാകും.

ഇടതു സര്‍ക്കാര്‍ സുപ്രിംകോടതിയിലെ കേസ് നടത്തിപ്പിന് മാത്രമായി ചെലവാക്കിയത് 14 കോടിയിലധികം രൂപ

ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം സുപ്രിംകോടതിയിലെ കേസ് നടത്തിപ്പിന് മാത്രമായി പതിനാലുകോടി പത്തൊന്‍പത് ലക്ഷം രൂപ ചെലവഴിച്ചുവെന്ന് വിവരാവകാശ രേഖ. 10 കോടി 72 ലക്ഷം രൂപയാണ് ഹൈക്കോടതിയിലെ കേസ് നടത്തിപ്പിന് മാത്രമായി ചെലവായത്.

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള വായ്പ; നിയമഭേദഗതിക്ക് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള വായ്പാ തട്ടിപ്പ് നിയന്ത്രിക്കുന്നതിന് നിയമഭേദഗതിക്ക് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കേരള മണി ലെന്‍ഡിംഗ് ആക്ടില്‍ ഭേദഗതി വരുത്തുമെന്ന് ബജറ്റില്‍ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നു. വായ്പാ തട്ടിപ്പ് കഥകള്‍ തുടര്‍ക്കഥ ആയതോടെയാണ് സര്‍ക്കാര്‍ നടപടി. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമെന്നാണ് ഐടി വിദഗ്ധരുടെ അഭിപ്രായം.

സംസ്ഥാനത്ത് 133 കേന്ദ്രങ്ങളില്‍ ഇന്ന് കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പ്

സംസ്ഥാനത്ത് 133 കേന്ദ്രങ്ങളില്‍ ഇന്ന് കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പ് ആരംഭിക്കും. വാക്സിനേഷന്‍ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് വാക്സിന്‍ നല്‍കാന്‍ നാലു മുതല്‍ അഞ്ചു മിനിറ്റുവരെ സമയമെടുക്കുമെന്നാണ് കണക്ക്.

കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന് രാജ്യത്ത് ഇന്ന് തുടക്കം

ലോകം കണ്ട് ഏറ്റവും വലിയ വാക്‌സിന്‍ ദൗത്യത്തിന് രാജ്യത്ത് ഇന്ന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്യും. വാക്‌സിന്‍ നടപടിക്രമങ്ങള്‍ക്ക് ഉള്ള കോ-വിന്‍ ആപ്പ് പ്രധാനമന്ത്രി പുറത്തിറക്കും. രാജ്യമൊട്ടാകെ മൂവായിരത്തിലധികം വാക്‌സിനേഷന്‍ ബൂത്തുകളാണ് സജ്ജമാക്കിയത്.

ഒന്‍പതാംവട്ട ചര്‍ച്ചയും പരാജയം; കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ കര്‍ഷക സംഘടനകള്‍

ഒന്‍പതാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ കര്‍ഷക സംഘടനകള്‍. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡ് അടക്കം മുന്‍കൂട്ടി നിശ്ചയിച്ച പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. ട്രാക്ടര്‍ റാലി തടയണമെന്ന ഡല്‍ഹി പൊലീസിന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമ്പോള്‍ സുപ്രിംകോടതിയുടെ നിലപാട് നിര്‍ണായകമാകും.

Story Highlights – todays headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top