സിഎസ്‌ഐ സഭയ്ക്ക് പുതിയ ബിഷപ്പ്; റവ.ഡോ. സാബു.കെ.ചെറിയാൻ മധ്യകേരള മഹായിടവക അധ്യക്ഷൻ

സിഎസ്‌ഐ സഭയ്ക്ക് പുതിയ ബിഷപ്പ്. റവറന്റ് ഡോ. സാബു കെ.ചെറിയാനെ മധ്യകേരള മഹായിടവകയുടെ പതിമൂന്നാമത് അധ്യക്ഷനായി നിയമിച്ചു. സ്ഥാനാരോഹണം തിങ്കളാഴ്ച കോട്ടയം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കും.
സിഎസ്‌ഐ സഭ മധ്യകേരള മഹായിടവക അധ്യക്ഷനായിരുന്ന തോമസ് കെ.ഉമ്മൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഫാദർ സാബു കെ.ചെറിയാനെ ബിഷപ്പായി നിയമിച്ചത്. ബിഷപ് പാനൽ തെരഞ്ഞെടുപ്പിൽ ഫാദർ സാബു കെ.ചെറിയാനും ഫാദർ നെൽസൺ ചാക്കോയുമാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. സഭാ മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെ അധ്യക്ഷതയിൽ സിഎസ്‌ഐ ബിഷപ്പ് സിലക്ഷൻ കമ്മിറ്റി ചെന്നൈ ആസ്ഥാനത്ത് യോഗം ചേർന്ന് ഫാദർ സാബു.കെ.ചെറിയാനെ മധ്യകേരള മഹായിടവകയുടെ പതിമൂന്നാമത് അധ്യക്ഷനായി നിയമിക്കുകയായിരുന്നു. പുതിയ ചുമതല ദൈവ നിയോഗമെന്നും വിവിധ സഭകളുടെ ഐക്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും നിയുക്ത ബിഷപ്പ് ട്വന്റിഫോറിനോട് പറഞ്ഞു.
പത്തനംതിട്ട പുന്നക്കാട് സ്വദേശിയായ ഫാദർ സാബു കെ.ചെറിയാൻ തോലശേരി ഇടവക വികാരിയായിരിക്കെയാണ് മഹായിടവകയുടെ അധ്യക്ഷനാകുന്നത്. കേരള കൗൺസിൽ ഓഫ് ചർച്ചസ് അംഗം, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ഗവേണിംഗ് കൗൺസിൽ അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. ആന്ധ്രയിലെ കരിംനഗർ രൂപതയിൽ സേവനമനുഷ്ഠിച്ച കാലത്ത് തൊഴിലാളി സമരങ്ങൾക്ക് ഉൾപ്പെടെ നേതൃത്വം നൽകിയിട്ടുണ്ട്. ന്യൂയോർക്കിലെ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ഡോക്ടറേറ്റ് എടുത്ത അദ്ദേഹം സിഎസ്‌ഐ സഭയുടെ അവിടുത്തെ ആദ്യ ഇടവക വികാരി കൂടിയാണ്.
Story Highlights – CSI, New bishop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here