ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല; കൊവിഡ് വാക്‌സിനേഷന് സംസ്ഥാനം സുസജ്ജമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് വാക്‌സിനേഷന് വേണ്ടി സംസ്ഥാനം സുസജ്ജമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല.വാക്‌സിന്‍ പൂര്‍ണ സുരക്ഷിതമെന്നും ആരോഗ്യ മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. പലവിധ രോഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാറുണ്ട്. അതുപോലെ തന്നെയെ ഇതിനെയും കരുതേണ്ടതുള്ളൂ. ഏത് വാക്‌സിനെടുത്താലും ചെറിയ രീതിയിലുള്ള സൈഡ് എഫക്ടുകള്‍ ഉണ്ടാകും. അത്തരത്തിലുള്ളത് മാത്രമേ കൊവിഡ് വാക്‌സിനും ഉണ്ടാവുകയുള്ളൂ. അതിനാല്‍ യാതൊരു വിധത്തിലുള്ള ഭയത്തിന്റെയും ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

Read Also : സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ്; അറിഞ്ഞിരിക്കേണ്ട എട്ട് കാര്യങ്ങള്‍

എല്ലാ മുന്‍കരുതലും സ്വീകരിച്ചാണ് വാക്‌സിനെടുക്കുന്നത്. വാക്‌സിന്‍ എടുക്കാന്‍ വരുന്നവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. അലര്‍ജി ഉള്ളവരാണോ എന്നുള്ളതെല്ലാം പരിശോധിക്കും. ആദ്യഡോസ് എടുത്ത് 28 ദിവസത്തിനു ശേഷമേ രണ്ടാമത്തെ ഡോസ് എടുക്കുകയുള്ളൂ. ആദ്യത്തെ ഡോസ് എടുത്തവര്‍ക്ക് കടുത്ത അലര്‍ജി ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് രണ്ടാംഘട്ട വാക്‌സിന്‍ എടുക്കുകയില്ല. ചെറിയ തോതിലുള്ള അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ക്ക് അത് പരിഹരിക്കുന്നതിനുള്ള എല്ലാ സംവിധാനവും ആശുപത്രികളില്‍ എടുത്തിട്ടുണ്ട്. വാക്‌സിനെ ഭയക്കേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കഴിയുന്നത്ര ആളുകള്‍ വാക്‌സിനെടുക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് നല്ലതാണ്. വാക്‌സിന്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുന്നത് ഗര്‍ഭിണികളായ സ്ത്രീകളെയും മുലയൂട്ടുന്ന അമ്മമാരെയുമാണ്. 18 വയസിനു മുകളിലേക്കുള്ളവര്‍ക്കാണ് നിലവില്‍ വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ എടുത്താല്‍ പ്രതിരോധമായെന്ന് തെറ്റിദ്ധരിച്ച് മാസ്‌ക് ഉപേക്ഷിക്കുകയോ കൂട്ടം ചേരുകയോ ചെയ്യരുത്. ഇതുവരെ തുടര്‍ന്ന പ്രതിരോധ മാര്‍ഗങ്ങളെല്ലാം ഇനിയും തുടരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

Story Highlights – Health Minister says kerala is ready for covid vaccination

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top