‘ഓപ്പറേഷൻ സ്‌ക്രീൻ’; മുന്നൂറോളം വാഹനങ്ങൾക്ക് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്

കാഴ്ച മറയ്ക്കുന്ന കൂളിംഗ് പേപ്പറുകളും കർട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ‘ഓപ്പറേഷൻ സ്‌ക്രീൻ’ എന്ന പേരിൽ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയിൽ മുന്നൂറോളം വാഹനങ്ങൾക്കെതിരെ പിഴ ചുമത്തി. നിയമലംഘനം തടയാൻ പൊതുജനങ്ങളുടെ സഹകരണവും ആവശ്യമാണെന്ന് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത് ട്വൻറിഫോറിനോട് പറഞ്ഞു.
കോടതി ഉത്തരവുണ്ടായിട്ടും കൂളിംഗ് പേപ്പറും കർട്ടനുമിട്ട് ചീറിപ്പായുന്ന വാഹനങ്ങൾക്കെതിരെ വ്യാപക നടപടി. എറണാകുളം ജില്ലയിൽ മാത്രം 110 വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്. തിരുവനന്തപുരം – 70,
കൊല്ലം – 71, മലപ്പുറം – 48, വയനാട് – 11എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ. നിയമം ലംഘിക്കുന്ന വാഹനങ്ങൾ കരിമ്പട്ടിയിലുൾപ്പെടുത്തി രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പരിഗണിക്കുമെന്ന് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത്.
കോടതി ഉത്തരവുണ്ടായിട്ടും മന്ത്രിമാരടക്കമുള്ളവർ കർട്ടനും ഫിലിമും നീക്കാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ സ്വന്തം വാഹനങ്ങളിൽ നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ജോയിൻറ് ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രതികരിച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ പരിശോധന നടത്താനാണ് നിർദേശം. പിഴ തുക ഇ- ചെല്ലാൻ വഴിയാകും ഈടാക്കുക.
Story Highlights – ‘Operation Screen’; The Department of Motor Vehicles has fined around 300 vehicles
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here