Advertisement

ഇന്ത്യയിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലി റിഹേഴ്‌സല്‍; പ്രചരിക്കുന്നത് വ്യാജ ദൃശ്യങ്ങള്‍ [24 fact check]

January 17, 2021
1 minute Read
fact check

-/ മെര്‍ലിന്‍ മത്തായി

ഇന്ത്യയിലെ കര്‍ഷകര്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലിയുടെ റിഹേഴ്‌സല്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വിഡിയോ വ്യാജം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കിടെ രാജ്യത്തെ കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താനൊരുങ്ങുകയാണ്. ഇതോടനുബന്ധിച്ച് നടക്കുന്ന റിഹേഴ്‌സല്‍ എന്ന തലക്കെട്ടോടെയാണ് 59 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ പ്രചരിക്കുന്നത്.

നിരവധി പേര്‍ ഈ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള കമന്റുകളും താഴെയുണ്ട്.

എന്നാല്‍ പ്രചരിക്കുന്ന വിഡിയോ അയര്‍ലന്‍ഡിലേതാണ്. ക്രിസ്മസിനോടനുബന്ധിച്ച് അയര്‍ലന്‍ഡില്‍ എല്ലാ വര്‍ഷവും നടത്താറുള്ള ട്രാക്ടര്‍ റണ്ണിലെ ദൃശ്യങ്ങളാണ് ഇവ. ക്രിസ്മസ് ട്രീയും നക്ഷത്രവും ലൈറ്റുകളുമെല്ലാം ഉപയോഗിച്ച് അലങ്കരിച്ച ട്രാക്ടറുകള്‍ ആണ് റാലിയില്‍ അണിനിരക്കുന്നത്.

2020 ഡിസംബര്‍ മുതല്‍ ഈ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പലയിടത്തായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡെല്‍റ്റ അഗ്രി ബിസിനസ് എന്ന ഫേസ്ബുക്ക് പേജില്‍ 2020 ഡിസംബര്‍ 16ന് ഇതേ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ക്രിസ്മസ് ട്രാക്ടര്‍ റണ്‍, ദേ നോ ഹൗ ടു ടേണ്‍ ഇറ്റ് ഓണ്‍ ഇന്‍ അയര്‍ലാന്‍ഡ്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് ഇന്ത്യയിലെ കര്‍ഷകര്‍ പ്രഖ്യാപിച്ചത് 2021 ജനുവരി രണ്ടിനാണ്. ഡിസംബര്‍ 16 മുതല്‍ പ്രചരിക്കുന്ന വിഡിയോയ്ക്ക് ഇന്ത്യയിലെ ട്രാക്ടര്‍ റാലിയുമായി യാതൊരു ബന്ധവുമില്ല.

Story Highlights – 24 fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top