Advertisement

ഓസ്ട്രേലിയക്ക് 4 വിക്കറ്റ് നഷ്ടം; ഗാബ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

January 18, 2021
Google News 2 minutes Read
Australia wickets test india

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്ട്രേലിയ ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 149 റൺസ് എടുത്തിട്ടുണ്ട്. നിലവിൽ 182 റൺസാണ് അവരുടെ ലീഡ്. രണ്ട് സെഷനുകളും 6 വിക്കറ്റുകളും ഒരു ദിവസവും ശേഷിക്കെ ഓസ്ട്രേലിയ ഇന്നിംഗ്സ് എപ്പോൾ ഡിക്ലയർ ചെയ്യും എന്നതിലാണ് മത്സരത്തിൻ്റെ ഭാവി.

ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിൽ അരങ്ങേറ്റക്കാരനായ വാഷിംഗ്ടൺ സുന്ദറും രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന ശർദ്ദുൽ താക്കൂറും ചേർന്ന് നടത്തിയ അസാമാന്യ പ്രകടനമാണ് ഇന്ത്യയെ കരകയറ്റിയത്. 6 വിക്കറ്റ് നഷ്ടത്തിൽ 186 എന്ന നിലയിൽ പതറിയ ഇന്ത്യയെ ഏഴാം വിക്കറ്റിൽ 123 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി ഇരുവരും രക്ഷപ്പെടുത്തുകയായിരുന്നു. ഒരുപിടി റെക്കോർഡുകളും സഖ്യം കുറിച്ചു. ഒടുവിൽ 67 റൺസെടുത്ത് ടീമിൻ്റെ ടോപ്പ് സ്കോററായ താക്കൂറിനെ കമ്മിൻസ് ക്ലീൻ ബൗൾഡാക്കിയപ്പോൾ വാഷിംഗ്‌ടൺ സുന്ദറിനെ (62) മിച്ചൽ സ്റ്റാർക്കിൻ്റെ പന്തിൽ കാമറൂൺ ഗ്രീൻ പിടികൂടി. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 336 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

നാലാം ദിനത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ 21 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയെ ഓപ്പണർമാരായ ഡേവിഡ് വാർണറും മാർക്കസ് ഹാരിസും ചേർന്ന് അനായാസം നയിച്ചു. 89 റൺസിൻ്റെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ഹാരിസിനെ (38) പന്തിൻ്റെ കൈകളിലെത്തിച്ച ശർദ്ദുൽ താക്കൂർ ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ത്രൂ നൽകി. ഉടൻ തന്നെ വാർണർ (48) വാഷിംഗ്‌ടൺ സുന്ദറിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി.

വേഗത്തിൽ സ്കോർ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലബുഷാനെയും സ്മിത്തും ക്രീസിലെത്തിയത്. തുടർ ബൗണ്ടറികളുമായി അവർ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു. എന്നാൽ, ഒരു ഓവറിൽ ലബുഷാനെയെയും (25), മാത്യു വെയ്ഡിനെയും (0) പുറത്താക്കിയ സിറാജ് ഇന്ത്യയെ മത്സരത്തിൽ തിരികെ എത്തിച്ചു. ലബുഷാനെയെ രോഹിത് പിടികൂടിയപ്പോൾ വെയ്ഡ് പന്തിൻ്റെ കൈകളിൽ അവസാനിച്ചു.

നിലവിൽ സ്മിത്ത് (28), കാമറൂൺ ഗ്രീൻ (4) എന്നിവർ ക്രീസിൽ തുടരുകയാണ്.

Story Highlights – Australia lost 4 wickets for 149 in 4th test vs india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here