പാണ്ടിക്കാട് പോക്‌സോ കേസ്; പെണ്‍കുട്ടി മൂന്നാം തവണയും ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തില്‍ ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്

മലപ്പുറം പാണ്ടിക്കാട് പോക്‌സോ കേസിലെ പെണ്‍കുട്ടി മൂന്നാം തവണയും ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്. സൈബര്‍ സെല്ലിന്റെ സാങ്കേതിക സഹായത്തോടെ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് തീരുമാനം.
ഇനിയും തിരിച്ചറിയാന്‍ കഴിയാത്ത പ്രതികളുള്ള കേസില്‍ 17 കാരിയുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. സൈബര്‍ കുറ്റകൃത്യത്തിന് പുറമെ, പെണ്‍കുട്ടി ഏഴ് തവണ ലൈംഗിക പീഡനത്തിനിരയായതായും പൊലീസ് കണ്ടെത്തിയിരുന്നു. നേരിട്ട് പരിചയമില്ലാത്ത ചിലരും പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തിയിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ നല്‍കാന്‍ കുട്ടിക്ക് സാധിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ സാഹചര്യ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ കണ്ടെത്താനാണ് പൊലീസ് നീക്കം. പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന സൈബര്‍ കുറ്റകൃത്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
സൈബര്‍ സെല്ലിന്റെയും സാങ്കേതിക വിദഗ്ധരുടെയും സഹായത്തോടെയാണ് അന്വേഷണം. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും. അതേസമയം ബുധനാഴ്ച കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയയാക്കാനാണ് തീരുമാനം. മാനസികാഘാതവുമായി ബന്ധപ്പെട്ട് കുട്ടിക്ക് തുടര്‍ ചികിത്സ വേണമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്താന്‍ അനുമതി തേടി സിഡബ്ല്യുസിക്ക് അപേക്ഷ ലഭിച്ച സാഹചര്യത്തിലാണ് നടപടി. തുടര്‍ ചികിത്സ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ചൈല്‍ഡ്വെല്‍ഫെയര്‍ കമ്മിറ്റി ഗൗരവമായി കാണുന്നുണ്ട്. വരും ദിവസങ്ങളില്‍ കുട്ടിയില്‍ നിന്ന് പൊലീസ് കൂടുതല്‍ മൊഴി രേഖപ്പെടുത്തും. ഒപ്പം വിദഗ്ധരുടെ നേതൃത്വത്തില്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Story Highlights – malappuram pandikkad pocso case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here