Advertisement

നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് മികച്ച സ്ഥാനാര്‍ത്ഥികളെ അണിനിരത്തുമെന്ന് മുല്ലപ്പള്ളി

January 22, 2021
Google News 1 minute Read
mullappally ramachandran

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് അണിനിരത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ഥാനാര്‍ത്ഥികളെ കുറിച്ച് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും ഡല്‍ഹിയില്‍ നടന്നിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അനവധാനത കൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിയ തിരിച്ചടിയുണ്ടായിട്ടുണ്ട്. ജനവിശ്വാസം ഉള്ളവരായിരിക്കും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍. യുവജനങ്ങള്‍, മഹിളകള്‍, അവശ ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍,ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടാകും. ഭരണമാറ്റം ജനം ആഗ്രഹിക്കുന്നു. ജനങ്ങളെ പൂര്‍ണമായി വിശ്വാസത്തിലെടുത്ത് കോണ്‍ഗ്രസും യുഡിഎഫും മുന്നോട്ട് പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Read Also : ഹൈക്കമാൻഡുമായുള്ള ചർച്ച; ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് ഡൽഹിക്ക് തിരിക്കും

എല്ലാ നേതാക്കളും ഒറ്റക്കെട്ടായി ഒരുമനസോടെ തെരഞ്ഞെടുപ്പിനെ നേരിടും. കൂട്ടായ നേതൃത്വമാണ് നയിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ആരാണ് നയിക്കുക എന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്ന് എ കെ ആന്റണിയും കെ സി വേണുഗോപാലും വ്യക്തമാക്കിയിട്ടുണ്ട്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ് .ഊഹാപോഹങ്ങള്‍ക്ക് പിറകെ ഒരു പ്രവര്‍ത്തകനും പോകരുത്. അച്ചടക്കത്തോടും ഏകമനസോടും കൂടി മുന്നോട്ട് പോയാല്‍ നമുക്ക് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കും. എല്‍ഡിഎഫിനെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. യുവാക്കളുടെയും അവശ ദുര്‍ബല വിഭാഗത്തിന്റെയും പ്രശ്‌നങ്ങള്‍ വരുന്ന യുഡിഎഫ് സര്‍ക്കാരിന് പരിഹരിക്കാന്‍ കഴിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരാണ് കേരളത്തില്‍ വികസന സംസ്‌കാരം ഉണ്ടാക്കിയത്. അവരുടെ കയ്യൊപ്പുപതിയാത്ത ഒരു വികസനവും കേരളത്തില്‍ ഉണ്ടായിട്ടില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലാണ് കണ്ണൂര്‍ വിമാനത്താവളവും കൊച്ചി മെട്രോയുമൊക്കെ ചരിത്രത്തില്‍ ഇടംപിടിച്ചത്. ക്ഷേമപ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരാണ് മുന്നിലുള്ളത്. ക്ഷേമ പെന്‍ഷന്‍ തുടങ്ങിയത് ആര്‍ ശങ്കറാണ്. സൗജന്യ റേഷന്‍ നല്‍കിയത് ഉമ്മന്‍ ചാണ്ടിയാണ്. പെന്‍ഷനും ഭക്ഷ്യകിറ്റുമൊക്കെ മുന്‍ സര്‍ക്കാരുകളുടെ തുടര്‍ച്ചയാണ്. അതില്‍ കൊട്ടിഘോഷിക്കാന്‍ ഒന്നുമില്ല.

ജനങ്ങളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടും അവരെ വായിച്ചറിഞ്ഞുമാണ് ഉമ്മന്‍ ചാണ്ടി പൊതുപ്രവര്‍ത്തനം നടത്തുന്നത്. ജനങ്ങളുമായി ഇഴുകി ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഒരിക്കലും തോല്‍പ്പിക്കാനാവില്ലെന്നും തകര്‍ക്കാനാവില്ലെന്നും ഉമ്മന്‍ ചാണ്ടി തെളിയിച്ചു. ഒരു എംഎല്‍എ എപ്പോഴും കൂടെയുണ്ട് എന്നു ജനങ്ങള്‍ക്കു തോന്നണം. ഈ തോന്നല്‍ ഉമ്മന്‍ ചാണ്ടിയെ ഒരു രാഷ്ട്രീയ സംസ്‌കാരമാക്കി മാറ്റിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഉമ്മന്‍ ചാണ്ടി@50 എന്ന പുസ്തകം ഇന്ദിരാ ഭവനില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

Story Highlights – mullappally ramachandran, assembly election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here