നിയമസഭ തെരഞ്ഞെടുപ്പ്; യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന ആവശ്യം ഉന്നയിച്ച് നേതാക്കള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന ആവശ്യം അശോക് ഗെലോട്ടിന് മുന്നിലവതരിപ്പിച്ച് യുഡിഎഫ് നേതാക്കള്‍. സീറ്റ് വിഭജനം വേഗത്തിലാക്കണമെന്നും ഘടകകക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടു. എഐസിസി നിരീക്ഷക സംഘമടക്കം കേന്ദ്രനേതാക്കള്‍ കേരളത്തില്‍ എത്തിയതിനു പിന്നാലെ കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളും സജീവമായി.

കേന്ദ്രനേതാക്കള്‍ നേരിട്ടാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് വേഗം കൂട്ടുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സംഘവും ഇന്നലെ കേരളത്തിലെത്തി. ഘടക കക്ഷി നേതാക്കളുമായി കേന്ദ്ര സംഘം കൂടിക്കാഴ്ച നടത്തി. മുന്നണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണം ഒഴിവാക്കണമെന്ന ആവശ്യം കക്ഷി നേതാക്കള്‍ മുന്നോട്ടു വച്ചു. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഭരണം നേടാമെന്നും കക്ഷി നേതാക്കള്‍ പറഞ്ഞു.

അശോക് ഗെലോട്ടും മറ്റ് നേതാക്കളും ഇന്ന് എംപിമാരേയും എംഎല്‍എമാരെയും കാണും. ഉമ്മന്‍ചാണ്ടി അധ്യക്ഷനായ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ പ്രഥമയോഗത്തിലും കേന്ദ്ര സംഘം പങ്കെടുക്കും. രാവിലെ 11ന് ചേരുന്ന കെപിസിസി ഭാരവാഹിയോഗത്തിലും എഐസിസി ജനറല്‍ സെക്രട്ടറിമാരടക്കം നേതാക്കള്‍ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പ് പരാജയ ചര്‍ച്ചകളില്‍നിന്ന് നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കോണ്‍ഗ്രസ് കടന്നു കഴിഞ്ഞു. വൈകാതെ രാഹുല്‍ ഗാന്ധിയും കേരളത്തിലെത്തും.

Story Highlights – Assembly elections; UDF

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top