ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (23-01-2021)

മെഡിക്കൽ- എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയുടെ നടത്തിപ്പ് ശൈലിയിൽ മാറ്റം വരുത്താൻ തീരുമാനം
രാജ്യത്തെ മെഡിക്കൽ- എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയുടെ നടത്തിപ്പ് ശൈലിയിൽ ഈ അധ്യായന വർഷം മുതൽ കാതലായമാറ്റം ഉണ്ടാകും. എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ വർഷത്തിൽ നാല് തവണ നടത്താൻ തീരുമാനിച്ചതിന് പിന്നാലെ മെഡിക്കൽ പ്രവേശന പരീക്ഷ വർഷത്തിൽ രണ്ട് തവണവും നടത്താനാണ് ശ്രമം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗം കൈകൊള്ളും.
കോണ്‍ഗ്രസ് വിടില്ലെന്ന് ഉറപ്പിച്ച് കെ.വി.തോമസ്; കേന്ദ്രനേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും
കോണ്‍ഗ്രസ് വിടില്ലെന്ന് ഉറപ്പിച്ച് കെ.വി.തോമസ്. കൊച്ചിയില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കി അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. എഐസിസി പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്ന അദ്ദേഹം കെപിസിസി യോഗത്തിലും പങ്കെടുക്കും. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ അനുനയ നീക്കത്തിനൊടുവില്‍ സോണിയാ ഗാന്ധി തന്നെ നേരിട്ട് വിളിച്ചതാണ് നിര്‍ണായകമായത്.
നിയമസഭ തെരഞ്ഞെടുപ്പ്; യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന ആവശ്യം ഉന്നയിച്ച് നേതാക്കള്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന ആവശ്യം അശോക് ഗെലോട്ടിന് മുന്നിലവതരിപ്പിച്ച് യുഡിഎഫ് നേതാക്കള്‍. സീറ്റ് വിഭജനം വേഗത്തിലാക്കണമെന്നും ഘടകകക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടു. എഐസിസി നിരീക്ഷക സംഘമടക്കം കേന്ദ്രനേതാക്കള്‍ കേരളത്തില്‍ എത്തിയതിനു പിന്നാലെ കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളും സജീവമായി.
കൊവിഡ് വാക്‌സിന്‍ കയറ്റുമതി ഇന്ത്യ അടുത്ത ആഴ്ചയോടെ കൂടുതല്‍ വേഗത്തിലാക്കും
വാണിജ്യാടിസ്ഥാനത്തില്‍ ഉള്ള കൊവിഡ് വാക്‌സിന്‍ കയറ്റുമതി ഇന്ത്യ അടുത്ത ആഴ്ചയോടെ കൂടുതല്‍ വേഗത്തിലാക്കും. രാജ്യത്ത് നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ കൊവിഡ് വാക്സിന്‍ കയറ്റുമതിക്ക് ഇന്നലെ തുടക്കം കുറിച്ചിരുന്നു. ബ്രസീലിനും മൊറോക്കോയ്ക്കുമുള്ള ആദ്യ വാക്‌സിനുകളാണ് ഇന്നലെ അയച്ചത്.
കര്‍ഷക നേതാക്കളെ വെടിവച്ചു കൊല്ലാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ആരോപിച്ച് കര്‍ഷക സംഘടനകള്‍
കര്‍ഷക നേതാക്കളെ വെടിവച്ചു കൊല്ലാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണവുമായി കര്‍ഷക സംഘടനകള്‍. ആയുധങ്ങളുമായി ഒരാളെ കര്‍ഷകര്‍ പിടികൂടി. സിംഗുവില്‍ രാത്രിയില്‍ അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ചു അക്രമിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി.
Story Highlights – todays-headlines 23-01-2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here