ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സംവിധായകനെതിരെ ലൈംഗികാരോപണവുമായി നടി

ദി ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ആദ്യ ഭാഗം ഉൾപ്പെടെ നിരവധി സിനിമകൾ സംവിധാനം ചെയ്ത റോബ് കോഹനെതിരെ ലൈംഗികാരോപണവുമായി ഇറ്റാലിയൻ നടിയും സംവിധായികയുമായ ആസിയ അർജൻ്റോ. അമിതമായ അളവിൽ ലൈംഗികോത്തേജന മരുന്ന് നൽകി തന്നെ കോഹൻ പീഡിപ്പിച്ചു എന്നാണ് ഇവരുടെ ആരോപണം. ഒരു ഇറ്റാലിയൻ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ആസിയയുടെ ആരോപണം.
റോബ് കോഹൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ എക്സ് എക്സ് എക്സ് (XXX) എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം. ഒരു ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് കോഹൻ ഹോട്ടലിൽ നടത്തിയ പാർട്ടിയിൽ എല്ലാവരും പങ്കെടുത്തിരുന്നു. പാർട്ടിയിൽ മദ്യപിക്കുകയും ചെയ്തു. അതിനു ശേഷം കോഹൻ്റെ മുറിയിലേക്ക് പോയത് മാത്രമേ ഓർമ്മയുണ്ടായിരുന്നുള്ളൂ. രാവിലെ ഉറക്കം ഉണർന്നപ്പോൾ താൻ കോഹൻ്റെ കിടക്കയിൽ നഗ്നയായി കിടക്കുകയായിരുന്നു എന്നും ആസിയ പറഞ്ഞു.
എന്നാൽ, ആരോപണം കോഹൻ തള്ളി. ആരോപണം അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് സംവിധായകൻ്റെ വക്താവ് അറിയിച്ചു. നടിയെ സുഹൃത്തായാണ് കോഹൻ കണ്ടിരുന്നതെന്നും ഇരുവർക്കുമിടയിൽ നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും വക്താവ് പറഞ്ഞു.
2019ൽ കോഹൻ്റെ മകളും പിതാവിനെതിരെ സമാന ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീനെതിരെ നേരത്തെ ആസിയ ലൈംഗികാരോപണം നടത്തിയിരുന്നു. മീ ടൂ മുന്നേറ്റത്തിൻ്റെ ഭാഗമായി നടൻ ജിമ്മി ബെന്നറ്റിനെതിരെയും ഇവർ ആരോപണം ഉയർത്തിയിരുന്നു.
Story Highlights – Asia Argento Accuses Director Rob Cohen of Sexual Assault
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here