ഭീമ കൊറെഗാവ്; ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകരെ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ സംഘടന

ഭീമ കൊറെഗാവ് സംഭവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മനുഷ്യാവകാശപ്രവർത്തകരെ ഉടൻ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ സംഘടന കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഫാ. സ്റ്റാൻ സ്വാമി അടക്കമുള്ളവർക്ക് ജാമ്യമെങ്കിലും അനുവദിക്കണമെന്നാണ് ആവശ്യം. കേസന്വേഷണം അനന്തമായി നീളുമ്പോഴും നിരവധി പ്രമുഖർ ജയിലിലാണ്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സംഘടന അഭിപ്രായപ്പെട്ടു. മനുഷ്യാവകാശങ്ങൾക്കായുള്ള യുഎന്നിന്റെ ഹൈക്കമ്മീഷണർ ഓഫീസ് കഴിഞ്ഞ ദിവസം നടത്തിയ പ്രതിവാര പരിപാടിക്കിടെയാണ് മനുഷ്യാവകാശ പ്രവർത്തകരെ വിട്ടയയ്ക്കാൻ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
2018 ലെ ഭീമ കൊറെഗാവ് കേസിൽ ജയിലിൽ അടക്കപ്പെട്ട മനുഷ്യാവകാശപ്രവർത്തകരെ വിട്ടയയ്ക്കണം എന്നാണ് ഐക്യരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ ആവശ്യം. നിരുപാധികം വിട്ടയക്കാൻ പറ്റില്ലെങ്കിൽ ജാമ്യത്തിലെങ്കിലും വിടണമെന്നാണ് ഉന്നത മനുഷ്യവകാശ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. ഫാ. സ്റ്റാൻ സ്വാമി, വരവര റാവു, സുധ ഭരദ്വാജ്, ഗൗതം നവലേഖ എന്നിവരടക്കം നിരവധി പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരാണ് ജയിലിൽ വിചാരണ കാത്ത് കഴിയുന്നത്. കേസ് അനവേഷണം അനന്തമായി തുടരുമ്പോഴും ഇവർക്ക് ജാമ്യം പോലും ലഭിച്ചിട്ടില്ല.
ഭീമ കൊറെഗാവ് യുദ്ധത്തിന്റെ 200 ാം വാർഷികാഘോഷ പരിപാടി സംഘടിപ്പിക്കവേ 2018 ജനുവരി ഒന്നിനാണ് ഭീമ കൊറെഗാവ് കലാപം ഉണ്ടായത്. കലാപത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസ് നിലവിൽ അന്വേഷിക്കുന്നത് ദേശീയ അന്വേഷണ ഏജൻസിയാണ്.
Story Highlights – Bhima Koregaon; UN human rights group calls for release of jailed activists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here