വാഗമണ്‍ നിശാപാര്‍ട്ടി കേസ്; ഒരാള്‍ കൂടി പിടിയില്‍

ഇടുക്കി വാഗമണ്‍ നിശാപാര്‍ട്ടി കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. കണ്ണൂര്‍ ശ്രീകണ്ടാപുരം സ്വദേശി ജിന്റോ ടി ജെയിംസിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് ലഹരി മരുന്ന് എത്തിച്ച് നല്‍കിയത് ജിന്റോയെന്ന് അന്വേഷണ സംഘം കണ്ടെത്തി.
വാഗമണിലെ നിശാപാര്‍ട്ടിയിലേക്ക് ലഹരി മരുന്നുകള്‍ എത്തിച്ചത് ബംഗളൂരുവില്‍ നിന്നെന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നു ബംഗളൂരു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരെ കൂടി ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തത്. ഇതില്‍ ശ്രീകണ്ടാപുരം സ്വദേശിയായ ജിന്റോ ടി ജെയിംസിനെയാണ് ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ജിന്റോയുടെ പക്കല്‍ നിന്നുമാണ് ലഹരി മരുന്ന് ലഭിച്ചതെന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. വിദേശത്ത് നിന്നും എത്തിക്കുന്ന ലഹരി മരുന്നാണ് ജിന്റോ വിപണനം നടത്തിയിരുന്നത്. മറ്റൊരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലായിരുന്ന ഇയാളെ മുട്ടം കോടതിയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ ഒരു നൈജീരിയന്‍ സ്വദേശി കൂടി പിടിയിലാകാനുണ്ട്.
ഡിസംബര്‍ 20നാണ് വാഗമണിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി നടത്തിയ സംഘത്തിന്റെ പക്കല്‍ നിന്നും എംഡിഎംഎ, ഹാഷിഷ്, മെത്ത് ക്രിസ്റ്റല്‍ തുടങ്ങിയ ലഹരി മരുന്നുകള്‍ പിടികൂടിയത്. ഒരു മോഡല്‍ ഉള്‍പ്പെടെ കേസില്‍ ഒന്‍പത് പേരെ നേരത്തെ തന്നെ പിടികൂടിയിരുന്നു.
Story Highlights – vagamon, night party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here