കാലിക്കറ്റ് സർവകലാശാലയിൽ എഎൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ നിയമിക്കാൻ വഴിവിട്ട നീക്കമെന്ന് ആരോപണം

കാലിക്കറ്റ് സർവകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് എഎൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ നിയമിക്കാൻ വഴിവിട്ട നീക്കമെന്ന് ആരോപണം. ഷഹലയുടെ റിസർച്ച് ഗൈഡായിരുന്ന അധ്യാപകനെ ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തിയത് തെറ്റെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയും, എം.എസ്.എഫുമാണ് ആരോപണവുമായി രംഗത്ത് എത്തിയത്.
കാലിക്കറ്റ് സർവകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നടന്ന ഇന്റർവ്യൂവിൽ അപാകത ആരോപിച്ചാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണക്ക് പരാതി നൽകിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇന്റർവ്യൂ. രണ്ട് ഒഴിവുകളാണ് ഈ തസ്തികയിലുളളത്. യോഗ്യതയുളളവരെ മറികടന്ന് സിപിഐഎം നേതാക്കളുടെ ഭാര്യമാർക്ക് നിയമനം നൽകാൻ നീക്കം നടക്കുന്നു എന്നാണ് പരാതി.
എഎൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഡോ പിഎം ഷഹലക്കും, എസ്എഫ്‌ഐ മുൻ നേതാവും സിപിഐഎം മങ്കട ഏരിയാ സെക്രട്ടറിയുമായ പി.കെ അബ്ദുളള നവാസിന്റെ ഭാര്യ ഡോ. റീഷ കാരാളിയ്ക്കും നിയമനം നൽകാനായാണ് എഡ്യൂക്കേഷൻ വകുപ്പ് മേധാവി തന്നെ ഇന്റർവ്യൂ ബോർഡിലുള്ളപ്പോൾ അവിടെ നിന്ന് വിരമിച്ച അധ്യാപകനെ വിഷയ വിദഗ്ധൻ എന്ന നിലയിൽ ബോർഡിൽ ഉൾപ്പെടുത്തിയതെന്ന് എം.എസ്.എഫും ആരോപിച്ചു.
നിലവിൽ ഈ മാസം 30- ന് ചേരുന്ന സിൻഡിക്കറ്റ് യോഗം നിയമനത്തിന് അംഗീകാരം നൽകുമെന്നാണ് സൂചന. നേരത്തെ ഷംസീറിന്റെ ഭാര്യ ഷഹലയ്ക്ക് കണ്ണൂർ സർവകലാശാലയിൽ നൽകിയ നിയമനം വിവാദമാവുകയും പിന്നീട് നിയമനം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
Story Highlights – Alleged move to appoint wife of AN Shamseer MLA at Calicut University
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here