കര്‍ഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഭരണഘടനാ മൂല്യങ്ങളുടെ പുനഃസ്ഥാപനം കൂടിയാണ് ഈ പ്രതിഷേധങ്ങള്‍ ആവശ്യപ്പെടുന്നത്: മുഖ്യമന്ത്രി

കര്‍ഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങളുടെ പുനഃസ്ഥാപനം കൂടിയാണ് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് നമ്മുടെ രാജ്യം 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ചരിത്രം ദര്‍ശിച്ച ഏറ്റവും ശക്തമായ സാമ്രാജ്യത്വ ഭരണകൂടത്തിനു കീഴില്‍ നൂറ്റാണ്ടുകളോളം അടിമകളായി കഴിയേണ്ടി വന്ന ഒരു ജനത, തങ്ങള്‍ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണെന്ന് ലോകത്തിനു മുന്നില്‍ ഉറക്കെ പ്രഖ്യാപിച്ച ദിവസമാണിന്ന്. നൂറു കണക്കിനു നാട്ടു രാജ്യങ്ങളും, ഉപദേശീയതകളും, ഭാഷകളും, മതങ്ങളും, ജാതിയും, വംശങ്ങളുമെല്ലാം കൊണ്ട് സങ്കീര്‍ണമായ രാഷ്ട്രീയ-സാംസ്‌കാരിക പരിസരം നിലനിന്നിരുന്ന ഒരു പ്രദേശം ഒരൊറ്റ രാജ്യമായി മാറിയ ചരിത്ര മുഹൂര്‍ത്തത്തെയാണ് ഇന്ന് നാം ഓര്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവായ അതിന്റെ ഭരണഘടനയുടെ പ്രാധാന്യം ഈ ദിവസം നമ്മെ ഓര്‍മിപ്പിക്കുന്നു. മലയാളിയും തമിഴനും പഞ്ചാബിയും ബംഗാളിയും മണിപ്പൂരിയും കശ്മീരിയും ഉത്തര്‍പ്രദേശുകാരനുമെല്ലാം അവനവന്റെ വൈജാത്യങ്ങള്‍ക്കൊക്കെ അതീതമായി ഇന്ത്യക്കാരനായി നിലനില്‍ക്കുന്നത് നമ്മുടെ ഭരണഘടനയില്‍ കുടികൊള്ളുന്ന ഇന്ത്യയെന്ന സത്തയെ ഉള്‍ക്കൊള്ളുന്നതിനാലാണ്.

ആ ഭരണഘടനയുടെ അടിസ്ഥാനശിലകള്‍ ഇളക്കാന്‍ ശ്രമം നടക്കുന്ന കാലത്തിലൂടെയാണ് നാട് ഇന്ന് കടന്നു പോകുന്നത്. ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മതേതര-ജനാധിപത്യ മൂല്യങ്ങള്‍ ആക്രമിക്കപ്പെടുന്നു. സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി മാറുന്നു. അസമത്വം രൂക്ഷമായിരിക്കുന്നു.

ഈ പ്രവണതകള്‍ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധം ജനങ്ങളില്‍നിന്നുയരുകയാണ്. കോര്‍പ്പറേറ്റുകള്‍ക്ക് ജീവിതം തീറെഴുതിക്കൊടുക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കര്‍ഷക സഹസ്രങ്ങള്‍ രാജ്യതലസ്ഥാനത്ത് സമരവേലിയേറ്റം സൃഷ്ടിച്ചിരിക്കുന്നു. അവര്‍ തലസ്ഥാന നഗരത്തില്‍ ട്രാക്റ്റര്‍ റാലി നടത്തുകയാണ്. കേവലം കര്‍ഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങളുടെ പുനഃസ്ഥാപനം കൂടിയാണ് ഈ പ്രതിഷേധങ്ങള്‍ ആവശ്യപ്പെടുന്നത്.
ഇന്ത്യ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് പ്രഖ്യാപിക്കുന്ന ഭരണഘടനയുടെ അന്തസത്ത കാത്തുസൂക്ഷിക്കാന്‍ അചഞ്ചലരായി ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ഈ വേളയില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Story Highlights – pinarayi vijayan – farmers protest – tractor rally

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top