കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപാസ് ജനങ്ങള്‍ക്കായി തുറന്നുനല്‍കി

കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ ബൈപാസ് ജനങ്ങള്‍ക്കായി തുറന്നുനല്‍കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ബൈപാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ബൈപാസ് ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്‍ രംഗത്ത് എത്തി. കേരളവും കേന്ദ്രവും ഒരുമിച്ച് ഭരിച്ചിട്ടും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. റോഡില്‍ അല്ല ജനങ്ങളുടെ ഹൃദയത്തില്‍ ഫ്‌ളക്‌സ് വയ്ക്കാന്‍ പറ്റണമെന്നും മന്ത്രി പറഞ്ഞു.
നാല്‍പത്തിയെട്ട് വര്‍ഷം നീണ്ട കാത്തിരിപ്പ് വിരാമമിട്ടാണ് ആലപ്പുഴ ബൈപാസ് ജനങ്ങള്‍ക്കായി തുറന്ന് നല്‍കിയത്. 1972 ലാണ് ആലപ്പുഴ ബൈപാസിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പല തവണ നിര്‍മാണം തുടങ്ങുകയും മുടങ്ങുകയും ചെയ്തു. ഏറ്റവും ഒടുവില്‍ 48 വര്‍ഷങ്ങള്‍ക്കിപ്പുറം ബൈപാസ് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇതിനായി പ്രയത്‌നിച്ച കരങ്ങള്‍ നിരവധിയാണ്. കൊമ്മാടി മുതല്‍ കളര്‍കോട് വരെ 6.8 കിലോമീറ്ററാണ് ബൈപാസിന്റെ നീളം. ഇതില്‍ 3.2 കിലോമീറ്റര്‍ എലവേറ്റഡ് ഹൈവേയാണ്. ബീച്ചിന് സമീപത്ത് കൂടി കടന്ന് പോകുന്ന ആദ്യത്തെ മേല്‍പാലം എന്ന പ്രത്യേകത കൂടി ആലപ്പുഴ ബൈപാസിലെ മേല്‍പാലത്തിനുണ്ട്.
344 കോടിയാണ് ബൈപാസിന്റെ നിര്‍മാണത്തിനായി ആകെ ചെലവ്. കേന്ദ്രവും കേരളവും 172 കോടി വീതം തുല്യമായി മുടക്കി. ഇതിന് പുറമേ മേല്‍പാലത്തിനായി റെയില്‍വേയ്ക്ക് ഏഴ് കോടി കെട്ടിവെച്ചതടക്കം 25 കോടി സംസ്ഥാനം അധികമായും ചെലവഴിച്ചു.
Story Highlights – Alappuzha bypass opened
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here