കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് മുഖ്യമന്ത്രി വിത്തുപാകുന്നു: രമേശ് ചെന്നിത്തല

കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് മുഖ്യമന്ത്രി വിത്തുപാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതങ്ങളെ തമ്മിലടിപ്പിക്കാന്‍ എല്‍ഡിഎഫ് ബോധപൂര്‍വം ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇടത് മുന്നണിക്കെതിരെ നിശിത വിമര്‍ശനം പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയത്. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന കോണ്‍ഗ്രസിന്റെ സാധ്യതകളും പ്രതീക്ഷകളും പ്രതിപക്ഷ നേതാവ് പങ്കുവച്ചു.

കേരളത്തിന്റെ മുഖ്യമന്ത്രി, ആ സ്ഥാനത്ത് ഇരുന്ന് ചെയ്യാന്‍ പാടില്ലാത്ത വര്‍ഗീയ ധ്രുവീകരണത്തിനാണ് ഇവിടെ വിത്തുപാകിക്കൊണ്ടിരിക്കുന്നത്. നമ്മുടെ നാട് മതേതരത്വത്തിന് പേരുകേട്ട നാടാണ്. ഇവിടെ മത നിരപേക്ഷതയാണ് ജനങ്ങളെ നയിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി നാല് വോട്ട് കിട്ടാന്‍ വേണ്ടി ഏത് വര്‍ഗീയതയെയും ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നു എന്നുള്ളതിന്റെ സൂചനയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകളിലൂടെ കടന്നുവരുന്നത്.

സോളാര്‍ കേസുകള്‍ സിബിഐക്ക് വിട്ട നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കമാണ്. സ്വര്‍ണക്കടത്ത് കേസില്‍ ബിജെപിയുമായി ധാരണയുണ്ടാക്കി രക്ഷപ്പെടാനാണ് സര്‍ക്കാരിന്റെ ശ്രമം. ലാവ്‌ലിന്‍ കേസിലും ബിജെപി – സിപിഐഎം കൂട്ടുകച്ചവടമാണ് നടന്നത്.

സിപിഐഎമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യം കോണ്‍ഗ്രസ് ഇല്ലാതാവുകയെന്നതാണ്. ശബരിമലയിലെ പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത് ബിജെപിയെയാണ്. രണ്ടു കൂട്ടരുടെയും ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതമാണ്. കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തില്‍ ഇല്ലായ്മ ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആഗ്രഹിക്കുന്നു. രണ്ടുപേരുടെയും ആഗ്രഹങ്ങള്‍ ഒന്നാകുമ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങളും ഒന്നായി മാറുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവുമധികം സഹായം ചെയ്തത് സിപിഐഎമ്മാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുമായി വോട്ട് കച്ചവടം ചെയ്യാനുള്ള അണിയറ പ്രവര്‍ത്തനങ്ങളാണ് സിപിഐഎം നടത്തുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ ഹരിപ്പാട് തന്നെ മത്സരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മറ്റൊരു മണ്ഡലത്തെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റൊരാളെന്ന ചര്‍ച്ച വന്നിട്ടില്ലെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുക തെരഞ്ഞെടുപ്പിന് ശേഷമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട്ടെ ജനങ്ങള്‍ ഒരിക്കലും കൈവിടില്ല. ഇരുപത്തിയഞ്ചാമത്തെ വയസില്‍ മത്സരിക്കാനെത്തിയ മണ്ഡലമാണ് ഹരിപ്പാട്. പലരും മണ്ഡലം മാറണമെന്ന് പറയുന്നുണ്ട്. എന്നാല്‍ എന്നെ ഞാനാക്കിയ മണ്ഡലമാണ് ഹരിപ്പാടെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – Ramesh Chennithala aganist cm pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top