മദ്യപാനത്തിനിടെ മരണം; വിവരം പുറത്തറിയിക്കാതെ സുഹൃത്തുക്കൾ ഒളിവിൽ; ബൈപ്പാസിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങി

കോതമംഗലം തങ്കളം ബൈപ്പാസിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ബിജു മരിച്ച സംഭവത്തിൽ സുഹൃത്തുക്കളായ മൂന്ന് പേരെ പൊലീസ് പിടികൂടി. മദ്യപാനത്തിനിടെ കെട്ടിടത്തിൽ നിന്ന് കാൽവഴുതി താഴേയ്ക്ക് വീണാണ് ബിജു മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മരണവിവരം പുറത്തറിയിക്കാതെ ഒളിവിൽ പോയ സുഹൃത്തുക്കളെ നെടുങ്കണ്ടത്തു നിന്നാണ് പിടികൂടിയത്.
ബിജുവിൻ്റെ സുഹൃത്തുക്കളും കോതമംഗലം സ്വദേശികളുമായ ശ്രീജിത്ത് (36), കുമാരൻ (59), അനിൽകുമാർ (45) എന്നിവരെ നെടുങ്കണ്ടത്തു നിന്നാണ് പിടികൂടിയത്. മരിച്ച ബിജുവും പ്രതികളും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. ഈ മാസം 23ന് അടിമാലി ഭാഗത്ത് ജോലി കഴിഞ്ഞ് എല്ലാവരും കൂടി അമിതമായി മദ്യപിച്ചിരുന്നു. ഇതിനിടെ ലോഡ്ജിൽ നിന്ന് ബിജു കാൽവഴുതി താഴേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കും ശരീരമാസകലവും ഗുരുതര പരുക്കുകൾ പറ്റിയ ബിജുവിനെ ആശുപത്രിയിൽ കൊണ്ടു പോവുകയാണെന്ന് സമീപവാസികളോട് പറഞ്ഞ ശേഷം ഓട്ടോറിക്ഷയിൽ കയറ്റി പ്രതികൾ അവിടെ നിന്ന് കടന്നു കളയുകയായിരുന്നു.
യാത്രക്കിടെ ബിജു മരിച്ചു എന്ന് മനസിലാക്കിയ പ്രതികൾ രാത്രിയോടെ കോതമംഗലം ഭാഗത്ത് എത്തി തങ്കളം ബൈപ്പാസിൽ മൃതദേഹം ഉപേക്ഷിച്ചു. മൃതദേഹത്തിൽ പരുക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മനസിലാക്കി ബിജുവിൻ്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള പൊലീസിൻ്റെ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. അന്വഷണത്തിൽ പ്രതികൾ നെടുങ്കണ്ടത്ത് ഉണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് അവിടെയെത്തി പ്രതികളെ പിടികൂടുകയും മൃതദേഹം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ കണ്ടെത്തുകയും ചെയ്തു. ബിജുവിനെ ആശുപത്രിയിൽ എത്തിച്ചാൽ പണം ചിലവാകുമെന്നതിനാൽ വഴിയരികിൽ ഉപേക്ഷിച്ചുവെന്നാണ് പ്രതികൾ മൊഴി നൽകിയത്.
Story Highlights – Dead body
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here