പാലാ സീറ്റ്; സിപിഐഎം നിലപാട് ജോസിന് അനുകൂലമെന്ന് സൂചന

പാലാ സീറ്റിനെ ചൊല്ലിയുള്ള പോര് ഇടത് മുന്നണിയിൽ മുറുകുന്നതിനിടെ വിഷയത്തിലെ സിപിഐഎം നിലപാട് ജോസിന് അനുകൂലമാണെന്നാണ് സൂചന. മന്ത്രി എംഎം മണിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനകളും കാപ്പനെതിരായ പരോക്ഷ വിമർശനവും സൂചിപ്പിക്കുന്നതും അതുതന്നെയാണ്.
കേരള കോണ്ഗ്രസ് എം ഇടത് മുന്നണിയിലെത്തിയതോടെ പാലാ സീറ്റ് സംബന്ധിച്ച ചർച്ചകളും സജീവമാണ്. സീറ്റിലെ സിപിഐഎം നിലപാട് വ്യക്തമാക്കുന്നതായിരുന്നു മന്ത്രി എംഎം മണിയുടെ കഴിഞ്ഞ ദിവസത്തെ പരാമർശം. സീറ്റ് വിഭജന ചർച്ചകൾ തുടങ്ങും മുൻപേ അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമിക്കേണ്ടെന്ന് പറഞ്ഞ മന്ത്രി ഒരുപടി കടന്ന് പ്രശ്ന പരിഹാരം കാണാനുള്ള കഴിവ് ഇടത് നേതൃത്വത്തിനുണ്ടെന്നു കൂടി പറഞ്ഞു.
സീറ്റിനെച്ചൊല്ലിയുള്ള കാപ്പന്റെ അവകാശവാദങ്ങളിലുള്ള അതൃപ്തി എൽഡിഎഫിൽ പ്രകടമാണെന്നു വ്യക്തം. എന്നാൽ എൻസിപിയിലെ ഔദ്യോഗിക വിഭാഗം ഇതിനോടകം തന്നെ പാലായിൽ വിട്ടുവീഴ്ചക്കില്ലെന്നു വ്യക്തമാക്കിക്കഴിഞ്ഞു. ഇക്കാര്യത്തിൽ എന്ത് ഫോർമുലയാണ് എൽഡിഎഫ് സ്വീകരിക്കുക എന്നാണ് അറിയാനുള്ളത്. അതേസമയം, പാലായിൽ വച്ചു നടന്ന കെഎം മാണി സ്‌മൃതി സംഗമത്തിന് യുഡിഎഫ് നേതാക്കൾ ആരും തന്നെ എത്തിയില്ല എന്നതും കാപ്പൻ പരിപാടിയിൽ നിന്ന് വിട്ടു നിന്നതും പാലായിൽ വലിയ ചർച്ചയാകും. സിപിഐഎം ഏറെക്കുറെ കൈവിട്ടതോടെ ഡൽഹി കേന്ദ്രീകരിച്ചുള്ള ചർച്ചകളിലാണ് കാപ്പന്റെ പ്രതീക്ഷ.
Story Highlights – cpim backing jose in pala seat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here