കേരളത്തിൽ അപൂർവയിനം കഴുകൻ

കേരളത്തിൽ അപൂർവയിനം കഴുകനെ കണ്ടെത്തി. കണ്ണൂരിൽ അവശനിലയിൽ കണ്ടെത്തിയ കഴുകനെയാണ് അപൂർവയിനത്തിൽപ്പെട്ടതെന്ന് പക്ഷി ഗവേഷകർ തിരിച്ചറിഞ്ഞത്.
കൂടുതലായും യൂറോപ്പിൽ കണ്ടു വരുന്ന ഈ ഇനം കേരളത്തിൽ എത്തിയതെങ്ങനെയെന്ന് വ്യക്തമല്ല. ഒരു മാസത്തെ പരിചരണത്തിനൊടുവിൽ ആരോഗ്യം വീണ്ടെടുത്ത കഴുകനെ പരിസ്ഥിതി പ്രവർത്തകർ കാട്ടിലേക്കയക്കും.
ഡിസംബർ 28നാണ് കണ്ണൂർ ചക്കരക്കല്ലിലാണ് കഴുകനെ അവശനിലയിൽ കണ്ടെത്തുന്നത്. വന്യജീവികളെ സംരക്ഷിക്കുന്ന മാർക്ക് എന്ന സംഘടനയുടെ പ്രവർത്തകർ വനംവകുപ്പിന്റെ നിർദേശാനുസരണം കഴുകനെ ഏറ്റെടുത്തു.
തുടർന്ന് പക്ഷി ഗവേഷകർ നടത്തിയ പഠനത്തിലാണ് അപൂർവ്വയിനത്തിൽപ്പെട്ട കഴുകനാണിതെന്ന് കണ്ടെത്തിയത്.
രണ്ട് വയസിൽ താഴെ മാത്രം പ്രായമുള്ള ഈ കഴുകൻ വിദേശിയാണ്. യൂറേഷ്യൻ ഗ്രിഫൺ വിഭാഗത്തിൽപ്പെട്ട ഇവയെ യൂറോപ്പിലാണ് കൂടുതലായും കണ്ടു വരുന്നത്. പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ഇവയുള്ളതായി റിപ്പോർട്ടുകളുണ്ട്. കേരളത്തിൽ കണ്ടെത്തുന്നത് ഇതാദ്യമാണ്. എന്നാൽ ഇവിടെയെത്തിയത് എങ്ങനെയെന്ന് വ്യക്തമല്ല.
ആളൽപ്പം വലുതാണെങ്കിലും ഒട്ടും പ്രശ്നക്കാരനല്ല. കഴിക്കാൻ ബീഫ് വേണമെന്ന നിർബന്ധമുണ്ടെന്ന് മാത്രം. വിദേശത്ത് നിന്ന് വന്ന അതിഥിയെ പ്രത്യേകം സൗകര്യങ്ങളൊരുക്കി പരിപാലിക്കുകയാണ് മാർക്ക് പ്രവർത്തകർ.
ഒരു മാസം നീണ്ട പരിചരണം കൊണ്ട് വിദേശി കഴുകന്റെ ആരോഗ്യം വീണ്ടെടുത്തു. വനം വകുപ്പിൻ്റെ നിർദേശപ്രകാരം പ്രത്യേകം ടാഗ് ചെയ്ത് വയനാട്ടിലെ കാട്ടിൽ തുറന്നു വിടാനാണ് തീരുമാനം.
Story Highlights – rare eagle found in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here