ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷന്‍ ഗുണഭോക്താവിന്റെ അവകാശികള്‍ക്ക് നല്‍കില്ല

ക്ഷേമനിധി ബോര്‍ഡുകള്‍ നല്‍കുന്ന പെന്‍ഷന്‍ ഗുണഭോക്താവിന്റെ അവകാശികള്‍ക്ക് നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞു. ഗുണഭോക്താവ് മരിച്ചാല്‍ അവകാശികള്‍ക്ക് പെന്‍ഷന് അര്‍ഹയില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് നിര്‍ദേശം കൊടുത്തു. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പെന്‍ഷന്‍ വിതരണം ചെയ്യുന്ന ക്ഷേമനിധി ബോര്‍ഡുകളിലാണ് ഈ നിയന്ത്രണം. ഇതിനായി നിയമാവലിയില്‍ ഭേദഗതിയുണ്ടാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഗുണഭോക്താവ് മരണപ്പെട്ടാല്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന് അവകാശികള്‍ക്ക് അര്‍ഹയുണ്ടാകില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് ക്ഷേമനിധി ബോര്‍ഡുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പെന്‍ഷന്‍ അനര്‍ഹരായവര്‍ വാങ്ങുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കിയത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പെന്‍ഷന്‍ വിതരണം ചെയ്യുന്ന എല്ലാ ബോര്‍ഡുകള്‍ക്കും പുതിയ നിര്‍ദേശം ബാധകമാണ്.

ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ മരണപ്പെട്ടശേഷം അവകാശികള്‍ക്ക് പെന്‍ഷന്‍ തുകയ്ക്ക് അര്‍ഹതയുണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കി ധനവകുപ്പ് സര്‍ക്കുലര്‍ ഇറക്കി. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പെന്‍ഷന്‍ വിതരണം ചെയ്യുന്ന എല്ലാ ക്ഷേമനിധി ബോര്‍ഡുകളും പുതിയ നിര്‍ദേശം നിയമാവലിയില്‍ ഉള്‍പ്പെടുത്തണം. ഇതിനായി നിയമാവലി ഭേദഗതി ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.

ഗുണഭോക്താവ് മരണപ്പെട്ടാല്‍ അടിയന്തിരമായി പെന്‍ഷന്‍ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്ന് ഇവരെ നീക്കം ചെയ്യാന്‍ സംവിധാനം ഏര്‍പ്പെടുത്തണം. ഇതില്‍ വീഴ്ചവരുത്തിയാല്‍ സര്‍ക്കാരിന് നഷ്ടമാകുന്ന തുകയുടെ ഉത്തരവാദിത്വം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കായിരിക്കുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

Story Highlights – Welfare Board pension

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top